കിഴക്കമ്പലം: പൈപ്പ് നന്നാക്കാൻ റോഡ് പൊളിച്ചു. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ. പൈപ്പിലെ നീരൊഴുക്ക് സുഗമമാക്കാനെന്ന പേരിൽ റോഡ് പൊളിച്ചതിനെതിരെയാണ് നടപടി. ചെങ്ങര നോർത്ത് എട്ടാം വാർഡിൽ കാരേക്കാട് ബ്ലൂബെൽ വില്ല റോഡിൽ എട്ടു വർഷം മുമ്പ് മണ്ണിനടിയിലൂടെ ഇട്ടിരുന്ന പൈപ്പിൽ മാലിന്യം അടഞ്ഞ് നീരൊഴുക്ക് നിലച്ചിരുന്നു. ഇത് സാങ്കേതികമായി പരിഹരിക്കുന്നതിനുപകരം 10 ലക്ഷം രൂപ മുടക്കി കഴിഞ്ഞ മാർച്ചിൽ പണി പൂർത്തിയാക്കിയ പുതിയ റോഡ് പലയിടങ്ങളിലായി കുത്തിപൊളിക്കുകയായിരുന്നു. ഈ വാർഡിലെ പഞ്ചായത്തംഗം കൂടിയായ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നിയമ വിരുദ്ധമായി മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് പൊളിച്ചത്. മഴക്കാലത്ത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നടന്ന ഈ പ്രവർത്തിയിൽ സമീപവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അടക്കം സ്ഥലം സന്ദർശിച്ച് കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം വീട്ടുകാർക്ക് പുറത്തേക്ക് പോകുന്നത്തിനുള്ള ഏക റോഡാണ് മഴക്കാലത്ത് സഞ്ചരിക്കാൻ കഴിയാത്ത വിധം ഒന്നര മീറ്റർ ആഴത്തിൽ കുത്തി പൊളിച്ചിട്ടിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും സ്ഥലം സന്ദർശിച്ച് കുറ്റക്കാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് നടപടി എടുക്കുമെന്നും എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകി.