പറവൂർ: തീരദേശ പരിപാലനനിയമത്തിന്റെ കരട് നിർദ്ദേശങ്ങൾ ഏഴിക്കര ഗ്രാമപഞ്ചായത്ത് സമർപ്പിച്ചു. ജനസാന്ദ്രതയിലും നഗരവത്കരണത്തിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവ തമ്മിൽ അതിർവരമ്പുകളില്ലാത്ത സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകളെ സോൺ രണ്ടിൽ ഉൾപ്പെടുത്തണമെന്നാണ് ആദ്യശുപാർശ.
സി.ആർ.ഇസഡ് ബാധകമായ സ്ഥലങ്ങളിൽ നെൽവയൽ സംരക്ഷണസമിതിപോലെ പ്രാദേശിക നിരീക്ഷണസമിതികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്നതിനും ഈ സമിതികൾ സമർപ്പിക്കുന്ന ശുപാർശ കെട്ടിടനിർമാണ അംഗീകാരത്തിനായി തീരദേശ പരിപാലന സമിതി പരിഗണിക്കേണ്ടതുമാണ്. പഞ്ചായത്തിലെ കാർഷിക,മത്സ്യമേഖലകളിൽ തൊഴിൽചെയ്യുന്നവർക്ക് സുരക്ഷിതമായ ഭവനമെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതിയായ പി.എം.എ.വൈ, ലൈഫ് മിഷൻ തുടങ്ങിയവ മുഖേന വീടുനിർമ്മിക്കുന്നവർക്ക് സി.ആർ.ഇസഡ് അനുമതികളിൽ ഇളവ് നൽകണം.
പഞ്ചായത്തിന്റെ സവിശേഷ ഭൂപ്രകൃതി പരിഗണിച്ച് തീരദേശ പരിപാലന നിയമത്തിൽ ചെറുദ്വീപുകൾക്കുള്ള ഇളവുകൾ നൽകി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാല് മീറ്റർ ദൂരപരിധി നിശ്ചയിക്കണം. കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പൊതുജനങ്ങൾക്ക് അവസരം ഒരുക്കണമെന്നും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംകൂടി പരിഗണിക്കണം.