തൃക്കാക്കര: കേരളത്തിൽ നടന്നത് സർക്കാർ സ്പോൺസേർഡ് വനംകൊളളയാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി പറഞ്ഞു. റവന്യൂ, വനംവകുപ്പുകൾ അറിഞ്ഞുകൊണ്ടുളള ആയിരം കോടിയുടെ വനംകൊളളയാണ് നടന്നിരിക്കുന്നത്. പാലാരിവട്ടത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ബി.ജെ.പി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനംമാഫിയയെ ഗവണ്മെന്റ് ഉത്തരവിലൂടെ സഹായിച്ച് വനസമ്പത്ത് കൊള്ളയടിച്ചിട്ട് നിരാലംബരായ ആദിവാസികൾക്കെതിരെ അനാവശ്യമായി കേസെടുക്കുന്ന നടപടി അപലപനീയമാണ്. ആമസോൺ വനങ്ങളിൽ തീ അണയ്ക്കാൻ എംബസിയുടെ മുന്നിൽപ്പോലും സമരം നടത്തിയ ഇടത് യുവജന സംഘടനകളും ശാസ്ത്രസാഹിത്യ പരിഷത്തും ഇടത് ബുദ്ധിജീവികളും ഇക്കാര്യത്തിൽ കാണിക്കുന്ന മൗനംതന്നെ വനംകൊള്ള പിണറായി സർക്കാരിന്റെ അറിവോടെയാണെന്നതിന്റെ വ്യക്തമായ തെളിവാണ്. വനംകൊള്ളക്കാർക്കെതിരേയും അതിന് വഴിയൊരുക്കിയ മന്ത്രിമാർ അടക്കമുള്ള ഉന്നതർക്കെതിരേയും സ്വതന്ത്രഏജൻസിയെക്കൊണ്ട് അന്വേഷിപ്പിണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
പാലാരിവട്ടം ഏരിയ ജനറൽ സെക്രട്ടറി പ്രസ്റ്റി പ്രസന്നൻ, വൈസ് പ്രസിഡന്റ് എ.ജി. വിനോദ്, എൻ.ജി. ദിനേശ്കുമാർ എന്നിവർ നേതൃത്വം നൽകി.