പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ 10,11 വാർഡുകളുടെ അതിർത്തിയായ തെക്കുംപുറം പ്രദേശത്ത് കാലങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു പരിഹാരമില്ല. അധികൃതരോട് പരാതിപറഞ്ഞ് മടുത്തതായി പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ ജനകീയസമിതി രൂപീകരിച്ച് സമരത്തിനൊരുങ്ങുന്നു. കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിനു പരിസരത്തും താന്തോന്നിക്കുളം ഭാഗത്തുമാണ് വെള്ളക്കെട്ട് രൂക്ഷം.
ഉയർന്ന പ്രദേശമായ കോട്ടയിൽ കോവിലകത്ത് നിന്ന് മഴവെള്ളം ഇവിടേക്കൊഴുകിയെത്തും. ഈ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള സാഹചര്യമില്ല. പ്രദേശത്തെ പല വീട്ടുവളപ്പിലും മുട്ടോളം വെള്ളം പൊങ്ങും. കാലങ്ങളായി വൃത്തിയാക്കാത്ത തോടുകളിൽ നീരൊഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. മഴക്കാലത്ത് പ്രായമായവരും കുട്ടികളും വളരെയേറെ ബുദ്ധിമുട്ടുന്നു. വെള്ളക്കെട്ടു പകർച്ചവ്യാധികൾക്ക് ഇടയാക്കുകയും വീടുകളുടെ അടിത്തറയ്ക്കു ബലക്ഷയം ഉണ്ടാക്കുമെന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികൾ. 85 വീട്ടുകാരാണ് വെള്ളക്കെട്ടുമൂലം ദുരിതം അനുഭവിക്കുന്നത്.