മൂവാറ്റുപുഴ: നഗരസഭ ഉടമസ്ഥതയിലുള്ള പ്രദേശത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തി വില്പന നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തയ്യാറാകാത്ത ഭരണപക്ഷത്തിന്റെ നിലപാടിനെതിരെ അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ ചെയർമാന് കത്ത് നൽകി. മുനിസിപ്പൽ എട്ടാം വാർഡിലെ ഉണക്ക മത്സ്യ മാർക്കറ്റിന് സമീപത്തുനിന്നാണ് ലോഡ് കണക്കിന് മണ്ണ് സ്വകാര്യവ്യക്തിക്ക് വില്പന നടത്തിയത്. നഗരപാലിക ചട്ടം ലംഘിച്ച് ടെൻഡർ അടക്കമുളള മറ്റു നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറുകാരൻ മണ്ണ് നീക്കംചെയ്തു വില്പന നടത്തിയത്. മാലിന്യങ്ങൾ നീക്കാൻ എന്ന വ്യാജേന നടത്തിയ പ്രവർത്തനം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ഭരണപക്ഷത്തിന്റെ മൗനം ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് മണ്ണ് വില്പന സംബന്ധിച്ച് ചർച്ച നടത്തുന്നതിന് അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. ടെൻഡർ, കൊട്ടേഷൻ എന്നിവ നൽകാതെ മണ്ണ് നീക്കിയത് അഴിമതി നടത്തുന്നതിനാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഈ മാസം 30 ന് മുമ്പായി കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ പി.എം.സലിം, കെ.ജി. അനിൽകുമാർ, നിസ അഷറഫ്, വി.എ. ജാഫർ സാദിഖ്, പി. വി. രാധാകൃഷ്ണൻ, നെജില ഷാജി, മീര കൃഷ്ണൻ,ഫൗസിയ അലി, സെബി.കെ.സണ്ണി, സുധ രഘുനാഥ് എന്നിവർ ഒപ്പിട്ട കത്താണ് നൽകിയിരിക്കുന്നത്.