ഫോർട്ടുകൊച്ചി: റോറോ ജെട്ടിയിലെ തണൽമരങ്ങൾ കാന പണിയുന്നതിനായി വേരറുത്തു മാറ്റുന്നതായി പരാതി. കമാലക്കടവിൽ കഴിഞ്ഞതവണ മരങ്ങളുടെ നേരെ കോടാലി വീണപ്പോൾ അന്നത്തെ കൗൺസിലർ ഷൈനി മാത്യു ഇടപെട്ട് തടഞ്ഞിരുന്നതാണ്. റോറോ ജെട്ടിയിൽ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് എത്തുന്നത്. വേരറുത്ത് മാറ്റുന്നതോടെ മരങ്ങൾക്ക് ബലക്ഷയം സംഭവിച്ച് മറിഞ്ഞുവീഴാൻ സാദ്ധ്യത ഏറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ചിലരുമായി കൊച്ചിൻ കോർപ്പറേഷനും ഒത്തുകളിക്കുന്നതിനാലാണ് മരത്തിന് നേരെ കത്തി വീഴുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാൻ ആരോപിച്ചു. പൈതൃകനഗരിയുടെ പൈതൃകം നിലനിർത്തണമെന്നും ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും മുജീബ് മുന്നറിയിപ്പ് നൽകി.