കൊച്ചി: കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ 21 മുതൽ ആരംഭിക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി. പരീക്ഷണോപകരണങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെയും സമ്പർക്കത്തിലൂടെയും കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന ചിന്ത കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രായോഗിക പരീക്ഷകൾക്ക് ഇന്റേണൽ അസസ്‌മെന്റിലൂടെ മാർക്ക് നൽകുന്ന കാര്യം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.