santhi-and-famlay
ശാന്തിയും കുടുംബവും

പറവൂർ: ശാന്തിക്കും അഞ്ച് മക്കൾക്കും മഴയും കാറ്റടിയും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. കണ്ടെയ്നർ റോഡരികിലെ താത്കാലിക ഷൈഡിൽ ഒമ്പതുമാസം താമസിച്ച ഇവരുടെ ജീവിതം ഇതിലൂടെ യാത്രചെയ്യുന്നവർക്കെല്ലാം നൊമ്പരക്കാഴ്ചയായിരുന്നു. ഈ കുടുംബത്തിന്റെ ദുരിതജീവിതത്തിന് അറുതിവരുത്തുവാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ടാണ് കോതാടുള്ള ഒരു വാടകവീട് ഏർപ്പെടുത്തിയത്. ഗൃഹപ്രവേശനം ഹൈബി ഈഡൻ എം.പി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ട്രീസ മാനുവൽ, മേരി വിൻസെന്റ്, വിപിൻരാജ്, എൽസി ജോസഫ്, ഷാരോൺ പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബത്തിന്റെ പുനരധിവാസ ചുമതല തിരുവനന്തപുരം ആസ്ഥാനമായ സത്യസായി ട്രസ്റ്റ് ഏറ്റെടുത്തു. ശാന്തിക്കും കുടുംബത്തിനും സ്വന്തമായി വീടും അതിനാവശ്യമായ ഭൂമിയും മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്ബറിന്റെ നേതൃത്വത്തിൽ നെട്ടൂരിലെ വ്യാപാരി സുഹൃത്തുകളുടെ കൂട്ടായ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചെറുപ്രായത്തിൽ വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഇളയമകളുടെ ചികിത്സയ്ക്കായാണ് പാലക്കാടുനിന്നും വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബം വരാപ്പുഴയിലേക്ക് താമസം മാറ്റിയത്. ഇവരുടെ കുടുംബത്തിന്റെ താളം തെറ്റിയത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മൂത്ത മകനായ രാജേഷ്‌കുമാർ വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ്. തലയ്ക്ക് മാരകമായി പരിക്കേറ്റ് രണ്ട് മേജർ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിവന്നു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ചികിത്സയ്ക്കും മറ്റുമായി സഹായം അഭ്യർത്ഥിച്ച് ഒരുവർഷം മുമ്പ് വി.ഡി. സതീശനെ കുടുംബം കണ്ടിരുന്നു. എല്ലാ സഹായവും നൽകുകയുംചെയ്തു.

വീടിന്റെ വാടക നൽകാൻ സാധിക്കാതെ വന്നപ്പോഴാണ് ഇവർ കണ്ടെയ്നർ റോഡിൽ കുടിലുകെട്ടി താമസം തുടങ്ങിയത്. അന്നും വി.ഡി. സതീശൻ വീട്ടുടമയുമായി സംസാരിച്ച് വാടകവീട്ടിലേക്ക് മാറ്റിയെങ്കിലും കുറച്ചു നാളുകൾക്കുശേഷം വീണ്ടും കണ്ടയ്നർ റോഡിൽ കുടിൽകെട്ടി താമസമാക്കി. കൂടുതൽ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നതിനാലാണ് കുടുംബം ഇതിനു തയ്യാറായത്.