പറവൂർ: പറവൂർ നഗരസഭാ പ്രദേശത്ത് ആവശ്യമായ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു. നഗരസഭാ പ്രദേശത്തുള്ളവർക്ക് മാർച്ചിൽ നഗരസഭയുടെ നേതൃത്വത്തിൽ മാസ് വാക്സിനേഷൻ ക്യാമ്പിലൂടെ 3000 പേർക്ക് ഫസ്റ്റ് ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയിലൂടെയും നിരവധിയാളുകൾ ഫസ്റ്റ് ഡോസ് വാക്സിനെടുത്തിട്ടുണ്ട്. ഇവർ ആഴ്ചകളായി രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്.

ഫസ്റ്റ് ഡോസ് ലഭിച്ച് ആറാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് ലഭ്യമാക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം .എന്നാൽ പിന്നീടത് 84 ദിവസം വരെയാക്കി നീട്ടി. ക്യാമ്പിൽ പങ്കെടുത്തവർക്ക് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 29ന് നഗരസഭ കത്ത് നൽകിയിരുന്നു. ഒന്നരമാസം പിന്നിട്ടിട്ടും വാക്സിൻ ലഭ്യമായില്ല. ബന്ധപ്പെട്ടവരിൽ നിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ജനപ്രതിനിധികൾ കുഴങ്ങുകയാണ്. മറ്റിടങ്ങളിൽ കൊവിഷീൽഡ് ലഭ്യമാക്കുമ്പോൾ താലൂക്ക് ആശുപത്രിയിൽ കൊവാക്സിൻ മാത്രമാണ് നൽകുന്നത്. ഇതുസംബന്ധിച്ച് ചെയർപേഴ്സൺ നിരവധി തവണ വാക്സിൻ നോഡൽ ഓഫീസറുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. സാധാരണക്കാരന് സൈറ്റും സ്ളോട്ടും ലഭ്യമാകുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്ത വലിയവിഭാഗം പാർശ്വവത്കരിക്കപ്പെടുന്നു.

കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് ആവശ്യമുള്ളവർക്ക് ഉടൻ വാക്സിൻ അനുവദിക്കുക. തിരക്കില്ലാതെ വാക്സിനേഷനായി ക്യാമ്പ് സൈറ്റ് അനുവദിക്കുക, രണ്ടാം ഡോസ് എടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഈ വിഷയങ്ങളിൽ ഉടൻ പരിഹരാരമുണ്ടാക്കാമെന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ ഉറപ്പുനൽകി. വൈസ് ചെയർമാൻ എം.ജെ. രാജു , മുൻ ചെയർമാൻ ഡി.രാജ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, ബീന ശശിധരൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.