തൃക്കാക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ ഭക്ഷ്യക്കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം വിജിലൻസിൽ പരാതി നൽകി. നഗരസഭയിലെ 43 വാർഡിലെ കൊവിഡ് ബാധിച്ചവരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി 4300 ഭക്ഷ്യക്കിറ്റുകളാണ് നഗരസഭ വാങ്ങിയിരുന്നത്. ടെൻഡറോ ക്വട്ടേഷനോ ക്ഷണിക്കാതെയും സർക്കാർ സ്ഥാപനങ്ങളായ ത്രിവേണി,സപ്ലൈകോ എന്നിവയിൽനിന്നും സാധനം വാങ്ങാതെയും കൗൺസിൽ തീരുമാനമില്ലാതെയും ഒരുമാളിൽനിന്ന് സാധനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
തൃക്കാക്കരയിലെ വിവിധ വാർഡുകളിൽ പൊതുകുളങ്ങളും തോടുകളും ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന ടെൻഡർ നടപടിയിലെ അപാകതയും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു,സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ട് കൗൺസിലർമാർ ഒപ്പിട്ടാണ് പരാതി നൽകിയത്.