കൊച്ചി: ഇടപ്പള്ളി കവികളിലെ രണ്ടാമൻ ചങ്ങമ്പുഴ കൃഷ്ണപിള്ള ഓർമയായിട്ട് ഇന്ന് 74 വർഷം പൂർത്തിയാകുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരമദിനത്തോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുകളൊന്നുമില്ലെങ്കിലും ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിൽ കവിയുടെ ഓർമകൾ അലതല്ലും.

1928- 30 കാലഘട്ടത്തിൽ കവിസദസുകളിലെ അത്ഭുതപ്രതിഭാസമായി രംഗപ്രവേശം ചെയ്ത 'സാഹിതീ സദനം സി. കൃഷ്ണപിള്ള' യാണ് പിന്നീട് മലയാളിക്ക് മറക്കാനാവാത്ത ഒരുപിടി കാവ്യോപഹാരങ്ങൾ സമ്മാനിച്ച് കടന്നുപോയ ചങ്ങമ്പുഴ കൃഷ്ണപിള്ള. പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കെ ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ സെക്രട്ടറി പദം അലങ്കരിച്ചതും ചങ്ങമ്പുഴയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ പ്രധാനപ്പെട്ടതാണ്. എഴുതാനും പ്രസിദ്ധീകരിക്കാനും ഒരുപാട് അവസരങ്ങളുള്ള വർത്തമാന കാലഘട്ടത്തിൽ അറിയപ്പെടുന്ന കവികൾ ആവോളം പിറക്കുന്നില്ലെന്ന പരിമിതിയിൽ മലയാള കാവ്യലോകം വീർപ്പുമുട്ടുമ്പോഴാണ് ചങ്ങമ്പുഴയുൾപ്പെടെയുള്ള പൂർവസൂരികളുടെ സ്മരണകൾ ഏറെ പ്രസക്തമാകുന്നത്. ഈ രംഗത്തേക്ക് കാലൂന്നാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചുപഠിക്കേണ്ട പാഠപുസ്തകമാണ് ചങ്ങമ്പുഴയുടെ ജീവിതം. അദ്ദേഹം 17- ാം വയസിൽ എഴുതിത്തുടങ്ങിയ കവിതകൾ 21ാം- വയസിൽ 'ബാഷ്പാഞ്ജലി' എന്നപേരിൽ സാഹിത്യലോകത്തിന് സമർപ്പിക്കപ്പെട്ടു. പിന്നീട് 'ഹേമചന്ദ്രിക'യും 'ആരാധകനും' പിറന്നു. ഇടപ്പള്ളി രാഘവൻ പിള്ളയുടെ അകാലവേർപാടിൽ മനംനൊന്ത് 1936 ൽ എഴുതിയ 'തകർന്ന മുരളി', മലയാള കവിതാചരിത്രത്തിലെ നാഴികകല്ലായി മാറിയ 'രമണൻ', പ്രണയത്തിന്റെ ഭാവസ്ഫുരണങ്ങൾ നിറഞ്ഞുതുളുമ്പുന്ന 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'ഓണപ്പൂക്കൾ' തുടങ്ങിയവയൊക്കെ ഇന്നും നിത്യവസന്തങ്ങളാണ്. ജീവിതാവസാനം ക്ഷയരോഗബാധിതനായി കിടക്കുമ്പോഴും അദ്ദേഹത്തിന് എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. മനസ്വിനി, കാവ്യനർത്തകി, മയക്കം എന്നീ കവിതകൾ ശരീരത്തെ ബാധിച്ച അനാരോഗ്യത്തിനിടെ കവി കുറിച്ചതാണ്. രോഗാവസ്ഥയിൽ തന്നെ സഹായിച്ചവർക്കുള്ള നന്ദി പ്രകടനമായി 'നീറുന്ന തീച്ചൂളയും' സമർപ്പിച്ചശേഷമാണ് 1948 ജൂൺ 17 ന് അദ്ദേഹം വിടപറഞ്ഞത്.