കുറുപ്പംപടി: കുറുപ്പംപടി ടൗണിൽ മർച്ചന്റ് അസോസിയേഷൻ അംഗങ്ങളും പൊലീസും ചേർന്ന് സ്ഥാപിച്ച കാമറകളുടെ കണ്ണടഞ്ഞിട്ട് നാളുകളായി. ആലുവ മൂന്നാർ റോഡിൽ കുറുപ്പംപടി ജംഗ്ഷനിൽ നാലു കാമറകളും കിഴക്കുവശത്ത് എസ്.ബി.ഐ ബാങ്കിന്റെ മുൻപിൽ ഒരു കാമറയും പള്ളിക്കവലയിൽ ഒരു കാമറയും ടൗണിന് പടിഞ്ഞാറുവശത്ത് ഫെഡറൽ ബാങ്കിന് മുൻവശം ഒരു കാമറയും ആശുപത്രി ജംഗ്ഷനിൽ രണ്ടു കാമറയും ഉൾപ്പെടെ ഒമ്പത് കാമറകളാണ് ആകെ സ്ഥാപിച്ചിരുന്നത്. ഇതിൽ ഇപ്പോൾ ആകെ രണ്ട് കാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ടൗണിലെ കടകളുടെ സുരക്ഷിതത്വത്തിനും വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസിന് സദാസമയവും സ്റ്റേഷനിൽ ഇരുന്ന് തന്നെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ നാളുകളായി പ്രവർത്തനം നിലച്ച കാമറയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ കേടുപാടുകൾ തീർക്കുന്നതിനോ അധികൃതർ തയ്യാറാവാത്തതിൽ വ്യാപാരികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്ഥാപിച്ചപ്പോൾ ഉള്ള ശുഷ്കാന്തി അതിന്റെ സംരക്ഷണത്തിൽ അധികൃതർ കാണിക്കാത്തതിൽ കച്ചവടക്കാർ പരാതികൾ പറഞ്ഞിട്ടും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ടൗണിലെ കടകളിൽ മോഷണവും കുറ്റകൃത്യങ്ങളും നടക്കുമ്പോൾ പരിശോധന നടത്തുന്നതിന് വേണ്ടി സ്റ്റേഷനുമായി ബന്ധപ്പെടുന്ന സമയെത്തെല്ലാം കാമറകൾ നിശ്ചലമായിരുന്നു. കുറുപ്പംപടിയിലെ കച്ചവടക്കാർക്കു നാട്ടുകാർക്കും കാവലായി നിൽക്കുന്ന കാമറകൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി പുനസ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം.
വാഹനങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ കിട്ടത്തക്ക വിധത്തിൽ ഒന്നുരണ്ട് കാമറകൾ സ്ഥാപിക്കുന്നത് ഗുണകരമാണ്. നിലവിലുള്ള കാമറകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മർച്ചന്റ് അസോസിയേഷനുമായി ആലോചിച്ച് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ കൈക്കൊള്ളും.
എം.പി സാഗർ,എസ്.ഐ
പലതവണ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കാമറകൾ പ്രവർത്തിച്ചാൽ കച്ചവടക്കാർക്ക് പ്രയോജനമാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് നന്നാക്കുന്നതിന് വേണ്ട നടപടികൾ വേണം.
റോയ് എബ്രഹാം,വ്യാപാരി,നാഷണൽ സിമന്റ്സ്
കൊവിഡ് മഹാമാരി മൂലം നിലവിലെ കാര്യങ്ങൾ ആലോചിച്ചു നടപ്പിലാക്കുന്നതിന് സാധിച്ചിട്ടില്ല. എത്രയുംവേഗം ഭാരവാഹികളുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളണം.
ബേബി കിളിയായ്ത്ത്,പ്രസിഡന്റ് ,മർച്ചന്റ് അസോസിയേഷൻ