കൊച്ചി : കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലും പശ്ചിമകൊച്ചി മേഖലയിലും നടപ്പാക്കുന്ന റോഡ് നവീകരണ പണികൾ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. സ്മാർട്ട് റോഡായി വികസിപ്പിക്കുന്ന ഭാഗങ്ങൾ വെട്ടിപ്പൊളിക്കുന്നു, കാന വൃത്തിയാക്കാതെ മീതേ ടൈൽ വിരിക്കുന്നു, റോഡുപണി കഴിയുമ്പോൾ ഇടറോഡുകളുടെ വീതി കുറയുന്നു , എന്നിങ്ങനെ പരാതിപട്ടിക നീളുകയാണ്.
സ്മാർട്ട് റോഡ് പാതിവഴിയിൽ
300 കോടി രൂപ ചെലവിലാണ് റോഡ് നവീകരണ പദ്ധതികൾ നടപ്പാക്കുന്നത്. എറണാകുളം നഗര മേഖലയിലെ 70% റോഡ് നവീകരണ പദ്ധതികളും പൂർത്തിയായെന്ന് സി.എസ്.എം.എൽ അധികൃതർ അവകാശപ്പെടുമ്പോൾ സ്മാർട്ട് റോഡുകളിൽ ഏബ്രഹാം മാടമാക്കൽ റോഡ് മാത്രമാണു ഭാഗികമായെങ്കിലും പൂർത്തിയായിട്ടുള്ളത്. ഷൺമുഖം റോഡ്, ഡിഎച്ച് റോഡ്, പാർക്ക് അവന്യു റോഡ് എന്നിവയുടെ ടാറിംഗ് പണികൾ നടക്കുന്നു. നടപ്പാതയുൾപ്പെടെ ഒട്ടേറെ പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്.
പശ്ചിമ കൊച്ചിയിലെ അഞ്ചു ഡിവിഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങിയിട്ടില്ല. ഇവിടെ സ്മാർട്ട് റോഡുകളുടെ പണി പുനരാരംഭിക്കണമെങ്കിൽ നിയമപ്രശ്‌നങ്ങൾ പരിഹരിച്ചു പുതിയ ടെൻഡർ നടപടികൾ വേണം.
സ്മാർട്ട് സിറ്റി അധികൃതർ പറയുന്നു
മറ്റു നഗരങ്ങളെ അപേക്ഷിച്ചു കൊച്ചിയിൽ റോഡുകൾക്കു വീതി കുറവാണെന്നതു നവീകരണ പദ്ധതികളെ ബാധിക്കുന്നു.
റോഡരികിലുള്ള നിർമ്മിതികൾ ബുദ്ധിമുട്ടുണ്ടാക്കുന്നു.കുടിവെള്ള പൈപ്പുകൾ, കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കേണ്ടി വരുന്നുപശ്ചിമ കൊച്ചിയിലെ ചില റോഡുകളുടെ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാത്തതിനാൽ പണികൾ വിഭജിച്ചു നൽകേണ്ടി വന്നു. ചില കരാറുകാർ നിർമ്മാണത്തിൽ കാലതാമസം വരുത്തി.നിർമാണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതും കുടിവെള്ള പൈപ്പിലുണ്ടായ തകരാറും ഏബ്രഹാം മാടമാക്കൽ റോഡിലെ പാലത്തിന്റെ നിർമാണം വൈകിപ്പിച്ചു.
കൊവിഡ് മഹാമാരിയിൽ തൊഴിലാളികൾ നാടുകളിലേക്കു മടങ്ങിയതും നിർമ്മാണ വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിയായി.
നികുതി പണം പാഴാക്കുന്നു
റോഡും നടപ്പാതയും പണിയുന്നതിനു മുൻപു സ്ഥാപിക്കേണ്ടതാണു കേബിളുകൾ. എന്നാൽ അതു ചെയ്യാതെ സ്മാർട്ട് സിറ്റി അധികൃതർ പിന്നീട് റോഡ് കുത്തിപ്പൊളിക്കുകയാണ് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതി രണ്ടാം ഘട്ടത്തിലെത്തിയിട്ടും ഇവിടെ തുടങ്ങിയ പണി പാതിയായിട്ടില്ല. പൊതുജനങ്ങളുടെ നികുതി പണമാണ് പാഴാകുന്നത്
കെ.എസ്. ദിലീപ് കുമാർ
എറണാകുളം വികസന സമിതി പ്രസിഡന്റ്