മൂവാറ്റുപുഴ: ദേശാടനക്കിളികളുടെ താവളമായി മൂവാറ്റുപുഴ നഗരസഭയിലെ തൃക്ക പാടശേഖരം മാറി. ചാരമുണ്ടി, ഏഷ്യൻ ഓപ്പൺ വീൽ, വൈറ്റ് ഐബീസ്, നീലക്കോഴി, ഫ്‌ളൈയിംഗ് ഡക്ക്, സൈബീരിയൻ കൊക്ക് എന്നിവയൊക്കെ തൃക്കപാടശേഖരത്തിൽ ഈ കൊവിഡ് കാലത്തും വിരുന്നിന് എത്തിയിട്ടുണ്ട്. പാടശേഖരത്തിൽ വിസ്മയം തീർക്കുന്ന പക്ഷികളെ പകർത്താൻ ഒട്ടേറെ ഫോട്ടോഗ്രാഫർമാരും ഇവിടെ എത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ സൈബീരിയയിൽ നിന്നും കാസ്പിയൻ മേഖലയിൽ നിന്നും കാതങ്ങൾ പറന്നെത്തുന്ന സൈബീരിയൻ കൊക്കുകൾ വരെ മൂവാറ്റുപുഴ തൃക്കപാടശേഖരത്ത് സന്ദർശിച്ചാണ് മറ്റു ദിക്കുകളിലേക്കു പോകുന്നത്.കിഴക്കേക്കരയും തൃക്കപാടശേഖരവും വർഷങ്ങളായി ദേശാടന പക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ ദേശാടപക്ഷികൾ ഇവിടെ എത്തും. തൃക്ക, മണിയങ്കുളം പാടങ്ങളിൽ ധാരാളമുള്ള ഞണ്ട്, ഞവണിക്ക, ചെറുപരലുകൾ എന്നിവ കൊക്കുകൾക്ക് ഇഷ്ട ഭക്ഷണമാണ്. കൊടുംതണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ചൂടുകലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റർ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂർത്തിയാക്കി ദേശാടനപക്ഷികൾ തിരികെ പോകും. കാട്ടുതാറാവുകൾ കാലവും ദേശവും ഒന്നും നോക്കാതെ പാടങ്ങളിലും തണ്ണിർത്തടങ്ങളിലും പറന്നിറങ്ങിയിട്ടുണ്ട്.
വിസിലിംഗ് ഡെക്ക്
ഇപ്പോൾ ഇവിടെ കൂടുതൽ എത്തിയിരിക്കുന്നത് കാട്ടുതാറാവുകൾ എന്നറിയപ്പെടുന്ന വിസിലിംഗ് ഡെക്കുകളാണ്. നീലക്കോഴികളും കൂട്ടമായി എത്തിയിട്ടുണ്ട്. ചായാമുണ്ടി, ഏഷ്യൻ ഓപ്പൺ വീൽ എന്നിവയ്ക്കു പുറമേ നാട്ടിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നാട്ടുവേലിതത്ത, ആറ്റക്കറുപ്പൻ എന്നിവയും തൃക്ക പാടശേഖത്തിൽ പറന്നിറങ്ങിയിട്ടുണ്ട്.
കിഴക്കൻ മേഖലയിൻ മണിയങ്കുളം പാടവും ആനിക്കാട് ചിറയും ഇവയുടെ ഇഷ്ടതാവളമാണ്. ആദ്യമെത്തുന്നതും ആദ്യം തിരിച്ചുള്ള യാത്ര ആരംഭിക്കുന്നതും കാട്ടുതാറാവുകളെന്നറിയപ്പെടുന്ന വിസിലിംഗ് ഡക്കുകളാണ്.