ഉടൻ യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് നവീകരണം സമയബന്ധിതമായി തീർക്കാൻ ഈ മാസം അവസാനം പ്രത്യേകയോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നയുടനെ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. പി.ഡബ്ല്യു.ഡിയുടെ കാനകളിൽനിന്ന് ചെളികോരുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാൻ ഉടനെ തീരുമാനമെടുക്കാനാവില്ല. സംസ്ഥാന അടിസ്ഥാനത്തിൽ ചർച്ചചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ, ഉദ്യോഗസ്ഥതല ചർച്ചക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈറ്റില ഫ്ളൈഓവറിന്റെ താഴെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പൊതുശൗചാലയം കോർപ്പറേഷന്റെ സഹകരണത്തോടെ നിർമ്മിക്കും. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങൾ പരസ്യകമ്പനികൾ കൈയേറിയത് ഗൗരവത്തോടെയാണ് കാണുന്നത്. വകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോർട്ട് നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കും. റെയിൽവേ ഫ്ളൈഓവറുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പങ്കുവയ്ക്കാൻ നിലവിലെ മൊബൈൽ ആപ്പിന്റെ ട്രയൽറൺ നടക്കുകയാണ്. ആപ്പിന്റെ പോരായ്മകൾ പരിഹരിക്കും. 4000 കിലോമീറ്റർ റോഡ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ബാക്കി 31,000 കിലോമീറ്റർ ഡിജിറ്റലൈസേഷനും വേഗത്തിൽ പൂർത്തിയാക്കും.
ചീനവലകൾ നവീകരിക്കും
ഫോർട്ടുകൊച്ചിയിലെ ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂർത്തിയാക്കും. ലോകോത്തര നിലവാരമുള്ള ടോയ്‌ലെറ്റ് സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമ്മിക്കും. എറണാകുളം ചിൽഡ്രൻസ് പാർക്കിന്റെ കാര്യത്തിൽ കൊച്ചി കോർപ്പറേഷന്റെയും ടൂറിസം വകുപ്പിന്റെയും പ്രത്യേകയോഗം വിളിക്കും. കോർപ്പറേഷനും ടൂറിസംവകുപ്പുമായി ഒരുമിച്ച് കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിത്തീർക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫോർട്ടുകൊച്ചി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മെച്ചപ്പെടുത്തുമെന്നും തൃപ്പൂണിത്തുറ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ.എച്ച്.എ.ഐയുമായി ആലോചനായോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, കെ. ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.