sndp
ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാർ വിദ്യാർത്ഥികൾക്കായി നൽകുന്ന സഹായ പദ്ധതിയുടെ ഉദ്ഘാടനം കുന്നത്തുനാട് എസ്.എൻ.ഡി.പി യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ കെ.കെ.കർണ്ണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൊവിഡ് മഹാമാരിയിൽ കുട്ടികൾക്ക് കൈത്താങ്ങായി ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവനക്കാർ. കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. സ്റ്റാഫംഗങ്ങൾ തങ്ങളുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് സ്വരൂപിച്ച ഏകദേശം അഞ്ച് ലക്ഷം രൂപയാണ് പദ്ധതികൾക്കായി വിനിയോഗിക്കുന്നത്. വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5.41 ലക്ഷം രൂപ സ്കൂൾ ജീവനക്കാർ നേരത്തെ കൈമാറിയിരുന്നു. രണ്ടായിരം രൂപയുടെ ഭക്ഷ്യക്കൂപ്പൺ ,ചികിത്സാ സഹായം , പഠനോപകരണ വിതരണം ,ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുക ,സാമ്പത്തിക സഹായം നൽകുക തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ കെ.കെ.കർണ്ണൻ നിർവഹിച്ചു.ഇതോടൊപ്പം ഗ്രോസറി കൂപ്പൺ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖാ പ്രസിഡന്റ് എം.പി.സദാനന്ദൻ, ചികിത്സാ സഹായ കൂപ്പൺ വിതരണം സ്‌കൂൾ മാനേജർ ടി.ടി.സാബുവും, സാമ്പത്തിക സഹായ വിതരണം പി.ടി.എ പ്രസിഡന്റ് പി.ഐ.നാദിർഷയും നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ എൻ.വി.ബാബുരാജൻ, ഹെഡ്മിസ്ട്രസ് സിനി പീതൻ സി,സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.