core-committee
ബി.ജെ.പി എറണാകുളം കോർ കമ്മിറ്റി നടത്തിയ ധർണ അഡ്വ.എസ്.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി എറണാകുളം ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ധർണ നടത്തി. സംസ്ഥാന വക്താവ് അഡ്വ. എസ്. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞു. സ്വർണക്കടത്ത് കേസിലും കൊടകര പണം കവർച്ച കേസിലും പ്രതികൾ പറയുന്നതാണ് സി.പി.എം പറയുന്നത്. കൊടകര പണം കവർച്ച കേസിലെ പ്രതികളും സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒത്ത് തീർപ്പ് രാഷട്രീയത്തിനെതിരെ പട നയിച്ച യഥാർത്ഥ പ്രതിപക്ഷ നേതാവിനെ സംസ്ഥാന സർക്കാർ ഭയക്കുന്നത് മൂലമാണ് അദ്ദേഹത്തിനെതിരെ കള്ളക്കേസുകളെടുക്കുന്നതെന്ന് ജയകൃഷ്ണൻ പറഞ്ഞു.

രേണു സുരേഷ്, ടി.പി.സിന്ധുമോൾ, പി.ആർ.ശിവശങ്കർ, എം.എ. ബ്രഹ്മരാജ്, എം.എം.ഉല്ലാസ് കുമാർ, വിഷ്ണു സുരേഷ്, ഹരികൃഷ്ണൻ, പി.ജി.മനോജ് കുമാർ, യു.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.