school
പൂക്കാട്ടുപടിയിൽ കൊച്ചിൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ശിലാസ്ഥാപനം ട്രിൻസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ഡയറക്ടർ മേരി ജോർജ് നിർവഹിക്കുന്നു

കിഴക്കമ്പലം: പൂക്കാട്ടുപടിയിൽ കൊച്ചിൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ശിലാസ്ഥാപനം ട്രിൻസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ഡയറക്ടർ മേരി ജോർജ് നിർവഹിച്ചു. തിരുവനന്തപുരം, കൊച്ചി ഇന്റർനാഷണൽ സ്‌കൂളുകൾ ഉൾപ്പെടുന്ന ട്രിൻസ് ഗ്രൂപ്പ് അടുത്തിടെ ഇവിടെ ഏ​റ്റെടുത്ത ദി ചാർട്ടർ സ്‌കൂളിനോട് ചേർന്നാണ് പുതിയ നിർമ്മാണം. 12 ഏക്കർ കാമ്പസിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.

1- 5 ഗ്രേഡുകളിൽ ഐ.ബി പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം, 6 -12 ഗ്രേഡുകളിൽ കേംബ്രിഡ്ജ് ഇന്റർനാഷണൽ, 11-12 ഗ്രേഡുകളിൽ ഐ.ബി ഡിപ്ലോമ പ്രോഗ്രാം തുടങ്ങിയ അന്താരാഷ്ട്ര കരിക്കുലങ്ങൾ ഇവിടെ ലഭ്യമാക്കും. രണ്ട് ലക്ഷം ചതുരശ്ര അടിയിൽ 800 പേർക്കിരിക്കാവുന്ന മൾട്ടി പർപ്പസ് ഹാൾ, പെർഫോമൻസ് തിയേ​റ്റർ, ഡൈനിംഗ് ഹാൾ എന്നിവയും ബാസ്‌ക​റ്റ്‌ബോൾ, വോളിബോൾ, സ്‌ക്വാഷ്, ബാഡ്മിന്റൺ കോർട്ടുകൾ, ജിംനേഷ്യം എന്നിവയുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സും നീന്തൽക്കുളങ്ങളും കാമ്പസിൽ സജ്ജമാക്കുന്നുണ്ട്.

10 മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ സപ്നു ജോർജ് പറഞ്ഞു. ട്രിൻസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സർവേഷ് നായിഡു ഉൾപ്പെടുന്നതാണ് കൊച്ചിയിലെ കാമ്പസ് നേതൃത്വം. 1 മുതൽ 3 വരെ ഗ്രേഡുകളിലേക്കുള്ള പ്രവേശനം തുടങ്ങി. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സ്‌കൂൾ, കേംബ്രിഡ്ജ് ഇന്റർനാഷണൽ എക്‌സാമിനേഷൻ സെന്റർ, ഐ.ബി പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം, സെക്കൻഡറി തലത്തിൽ ഐ.ബി ഡിപ്ലോമ പ്രോഗ്രാം എന്നിവ പിന്തുടരുന്ന ആദ്യത്തെ ഇന്റർനാഷണൽ ബാക്കലുറേ​റ്റ് വേൾഡ് സ്‌കൂൾ എന്നീ നേട്ടങ്ങൾ ട്രിൻസ് ഗ്രൂപ്പിനാണ്. പഠനത്തിനും കരുതലിനും ആജീവനാന്ത അഭിനിവേശമുള്ള ആഗോള നേതാക്കളുടെ അടുത്ത തലമുറയെ രൂപപ്പെടുത്തുക എന്നതാണ് ഗ്രൂപ്പിന്റെ ദൗത്യം.