sameer
കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്പനക്കാരനായ അഞ്ചേരിയിൽ ഇത്താക്ക് പീറ്ററിന്റെ മാറാടിയിലെ വീട്ടിലെത്തി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ ഭക്ഷ്യക്കിറ്റ് നൽകുന്നു

മൂവാറ്റുപുഴ: കൊവിഡ്‌ മഹാമാരിയും ലോക്ക് ഡൗൺ നിയന്ത്രണവും മൂലം ജീവിതം വഴിമുട്ടിയ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്പനക്കാരൻ അഞ്ചേരിയിൽ ഇത്താക്ക് പീറ്ററിനെ സഹായിച്ച് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ. പീറ്ററിന്റെ മാറാടിയിലെ വീട്ടിലെത്തിയ വോളന്റിയർമാരായ ഉണ്ണിക്കൃഷ്ണനും പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിക്കും ഭക്ഷ്യധാന്യക്കിറ്റ് നൽകി.

പ്രായമേറിയവരും, രോഗികളും, ഭിന്നശേഷിക്കാരും, കാഴ്ച ശേഷിയില്ലാത്തവരും, വനിതകളുമുൾപ്പടെ ഭാഗ്യക്കുറി വില്പനക്കാരാണ്. അതിജീവനത്തിനായി ഇത്തരക്കാരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതരായി ടിക്കറ്റ് വിൽക്കാൻ കഴിയുന്നത് വരെ മാസം മൂവായിരം രൂപ വീതം സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കണമെന്ന് ഇത്താക്ക് പീറ്റർ പറഞ്ഞു. ലോട്ടറി വില്പന നിലച്ചതോടെ കാഴ്ചശക്തിയില്ലാത്തവരായ വില്പനക്കാരുടെ ജീവിതം തീരാ ദുരിതത്തിലായി. ദുരിത ജീവിതം ചൂണ്ടിക്കാട്ടി ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് കഴിഞ്ഞ സെപ്തംബറിൽ അപേക്ഷ നൽകിയിരുന്നെങ്കിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റ് നൽകാനെത്തിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് കാഴ്ചശക്തിയില്ലാത്തവരുടെ ദുരിത ജീവിതം ചൂണ്ടിക്കാട്ടി നിവേദനം നൽകുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.