കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻവേദി ചെയർമാൻ ഡോ. എം.സി.ദിലീപ്കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങളിൽ വ്യത്യസ്ത വിലയാണ്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഏകോപിപ്പിക്കണം. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വില വർദ്ധനയെന്ന് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു നിന്ന് വില നിയന്ത്രിക്കുന്നുണ്ട്. ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ വില നിയന്ത്രിക്കാനാവുമെന്നും അതുവരെ ഇന്ധന വിലയിൽ വില്പന നികുതി, അധിക നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയണമെന്നും ഹർജിയിൽ പറയുന്നു.