കോതമംഗലം: തൃക്കാരിയൂരിൽ ആനക്കൂട്ടുങ്ങൾ പ്രദേശങ്ങളിലും, കരിപ്പുഴിക്കടവ് പ്രദേശത്തും ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നു. ഒരുവർഷത്തിനകമാണ് തൃക്കാരിയൂർ മേഖലയിൽ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്.
മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകൾ നശിപ്പിക്കുന്നത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികളിൽ തലച്ചോറിനെ ബാധിക്കുന്ന ഇസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമായ വിരയുടെ വാഹകരാണ് ഇവ. പരിസരം ശുചിയാക്കിയിടുന്നതും, പുകയിലയും തുരിശും ചേർന്ന മിശ്രിതം തളിക്കുന്നതിലൂടെയും ഇവയെ നിയന്ത്രിക്കാമെന്നാണ് വനഗവേഷണ കേന്ദ്രത്തിലെ വിദഗ്‌ദ്ധർ പറയുന്നതെങ്കിലും പ്രദേശവാസികൾ ഭീതിയിലാണ്. ദിവസങ്ങൾ കഴിയുന്തോറും ഇവയുടെ ശല്യം വർദ്ധിച്ചുവരുന്നത് മൂലം ജനങ്ങളാകെ ആങ്കയിലാണ്. ആഫ്രിക്കൻ ഒച്ചിന്റെ വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ഇവയുടെ ഉത്ഭവവും വ്യാപനവും തടയുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെമ്പർ സനൽ പുത്തൻപുരയ്ക്കൽ അറിയിച്ചു.