തൃക്കാക്കര: മനക്കക്കടവ് കുടിവെളള പദ്ധതി അട്ടിമറിച്ചതായി ആരോപിച്ച് തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു.എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് എം.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഷിദ് ഉള്ളംപള്ളി, സോമി റെജി, യു.ഡി.എഫ് കൗൺസിലർമാരായ എം.ഒ. വർഗീസ്, ഉണ്ണി കാക്കനാട്, അഡ്വ. ഷീന ഉമ്മർ, ഷിമ്മി മുരളി തുടങ്ങിയവർ ചെയർപേഴ്സന് പിന്തുണയുമായി എത്തിയതോടെ വാക്കേറ്റം രൂക്ഷമായി.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയാണ് മനക്കക്കടവ് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. തൃക്കാക്കരയുടെ കിഴക്കൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം.കടമ്പ്രയാറിൽനിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. കളമശേരിയിലെ സ്വകാര്യ കമ്പനിക്കായിരുന്നു ടെൻഡർ ലഭിച്ചിരുന്നത്. പുതിയ ഭരണ സമിതി ഈ കമ്പനിക്ക് സെലക്ഷൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഈ ടെൻഡർ നടപടി റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
തൃക്കാക്കരയിലെ കിഴക്കൻമേഖലയ്ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതി കേരള വാട്ടർ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുമെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. കളമശ്ശേരിയിലെ സ്വകാര്യ കമ്പനിക്കായിരുന്നു മുൻ ഭരണ സമിതിയുടെ കാലത്ത് ടെൻഡർ ലഭിച്ചിരുന്നത്. പദ്ധതിയുടെ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും സമർപ്പിച്ചില്ല. കൂടാതെ കടമ്പ്രയാറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് റിപ്പോർട്ടുകളുള്ളതായും ചെയർപേഴ്സൺ പറഞ്ഞു.
കാലാവധി പൂർത്തിയാക്കിയ വസ്തുനികുതി പിരിക്കുന്നതിന്റെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 15 പേരെ ഒഴിവാക്കാൻ തീരുമാനിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അവർക്ക് അർഹമായ പരിഗണന കൊടുക്കണമെന്നാണ് ആവശ്യം. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് എം.കെ ചന്ദ്രബാബു, സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ്, എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ. ഡിക്സൺ, ഉഷ പ്രവീൺ, കെ.എൻ. ജയകുമാരി, റസിയ നിഷാദ്, അജ്ജുന ഹാഷിം,ആര്യ ബിബിൻ.തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.