ayisha

• മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

കൊച്ചി: കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കുനേരെ ബയോവെപ്പൺ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമർശത്തെത്തുടർന്ന് കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ നടിയും സംവിധായികയുമായ അയിഷ സുൽത്താനയ്‌ക്ക് ഹൈക്കോടതി ഒരാഴ്‌ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഇന്നലെ അയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ച് വിധി പറയാൻ മാറ്റി.
ജൂൺ 20നു വൈകിട്ട് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയിഷ സുൽത്താനയ്ക്ക് പൊലീസ് നോട്ടീസ്. അന്ന് അയിഷ ഹാജരാകണം. അതിനുശേഷം അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തിൽ വിടണം. അറസ്റ്റിനു ശേഷം അയിഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നാൽ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ വേണമെന്ന ആവശ്യവും സിംഗിൾബെഞ്ച് അനുവദിച്ചു.

കേസിൽ കക്ഷി ചേരാനെത്തിയ പരാതിക്കാരിൽ ഒരാളായ പ്രതീഷ് വിശ്വനാഥന്റെ അപേക്ഷ തള്ളിയെങ്കിലും അഭിഭാഷകന്റെ വാദങ്ങൾ കോടതി കേട്ടു.

ജൂൺ ഏഴിന് ടി.വി ചാനൽ ചർച്ചയിലാണ് അയിഷ വിവാദ പരാമർശം നടത്തിയത്.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം

 കൊവിഡിനെ ജൈവായുധമായി ഉപയോഗിച്ചെന്ന പരാമർശം കേന്ദ്രസർക്കാരിനെതിരെ വിദ്വേഷം വളർത്താനാണ്.

 നടിയും സംവിധായികയുമായ ഹർജിക്കാരിയുടെ പരാമർശം ദ്വീപിലെ സ്കൂൾ കുട്ടിയിൽ പോലും വിദ്വേഷമുണ്ടാക്കും. പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും.

 വിവാദ പരാമർശത്തെ സർക്കാരിനെതിരായ വിമർശനമായി കാണാനാവില്ല. മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.

അയിഷയുടെ നിലപാട്

 ഈ പരാമർശം ചാനലിലെ ചൂടുപിടിച്ച വാദപ്രതിവാദത്തിൽ സംഭവിച്ചുപോയതാണ്. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി ഫേസ്ബുക്കിലടക്കം പോസ്റ്റിട്ടു.

 പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങൾക്കെതിരെയാണ് പരാമർശം. കേന്ദ്രസർക്കാരിനെ നിന്ദിക്കാൻ ഉദ്ദേശിച്ചില്ല.

 കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണം.