പറവൂർ: ജില്ലയിൽ ശരാശരി രോഗസ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിൽ കൂടുതലുള്ള ഏക പഞ്ചായത്തായി ചിറ്റാറ്റുകര മാറാനുള്ള കാരണം ഭരണ സമിതിയുടെ അനാസ്ഥയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വസന്ത് ശിവാനന്ദൻ ആരോപിച്ചു. രോഗ വ്യാപനം തടയാൻ വ്യക്തമായ ഒരു തയ്യാറെടുപ്പുകളില്ലാതെയാണ് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോകുന്നത്. ആരോഗ്യ പ്രവർത്തനങ്ങളിൽ ഒരു മുൻപരിചയവും ഇല്ലാത്ത ആളുകളെ മതിയായ രോഗ പ്രതിരോധ ഉപകരണങ്ങൾ നൽകാതെ ആർ.ആർ ടീം എന്ന പേരിൽ വാർഡുകളിൽ യഥേഷ്ടം ഇറങ്ങി നടക്കാൻ അനുവാദനം നൽകിയത് ഭരണപരാജയമാണ്. കൊവിഡ് രോഗ നിരക്ക് വർദ്ധിപ്പിച്ചതിൽ പഞ്ചായത്ത് ഭരണ സമിതിക്ക് പങ്കുണ്ടെന്ന് അദ്ദേഹം അരോപിച്ചു. രോഗബാധിതർ കൂടുതലുള്ള വാർഡുകളിൽ കൂടുതൽ പൊലിസിനെ വിന്യസിച്ച് പ്രതിരോധ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.