ആലുവ: അടച്ചു പൂട്ടലിന്റെ വക്കിൽ നിന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡി (എഫ്.ഐ.ടി) നെ ലാഭത്തിലാക്കിയ ചെയർമാൻ ടി.കെ. മോഹനൻ പടിയിറങ്ങി. അഞ്ചു വർഷം മുമ്പ് 14 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ടി.കെ. മോഹനൻ ചെയർമാനായി സ്ഥാനമേൽക്കുന്നത്.
സംസ്ഥാനത്തെ ഏക മരാധിഷ്ഠിത പൊതുമേഖലാ സ്ഥാപനത്തെ 50 ലക്ഷം രൂപ ലാഭത്തിലും വൈവിധ്യവത്കരണത്തിലും എത്തിച്ച ശേഷമാണ് ചെയർമാൻ സ്ഥാനമൊഴിയുന്നത്. 2018-19ൽ 3.38 ലക്ഷം രൂപയും 19-20ൽ 42.89 ലക്ഷം രൂപയുമായിരുന്നു ലാഭം. നഷ്ടപ്പെട്ട കമ്പനി രജിസ്ട്രാരുടെ അംഗീകാരം തിരികെ പിടിക്കാനും കഴിഞ്ഞു. വാണിജ്യ വകുപ്പിന്റെ നികുതിബാധ്യത കുറയ്ക്കാനും 2019-20 വർഷത്തെ ഓഡിറ്റ് പൂർത്തിയാകുന്നതോടെ സർക്കാരിന് നൽകാനുണ്ടായിരുന്ന കടബാധ്യത സർക്കാരിന്റെ ഓഹരിയാക്കാനുള്ള ഉത്തരവും നടപ്പിലാവുകയാണ്.
അടുത്ത അഞ്ച് വർഷത്തേക്ക് വിപുലമായ വികസന പദ്ധതികളാണ് എഫ്.ഐ.ടി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നതെന്ന് ടി.കെ. മോഹനൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് ആരംഭിച്ച സീറോ വേസ്റ്റ് പദ്ധതി വിപുലപ്പെടുത്തി. ഫിംഗർ ജോയിന്റ് ഫർണിച്ചർ നിർമാണം, വുഡ് ഫ്‌ളോറിംഗ്, മറ്റ് മൂല്യവർദ്ധിത ഉൽപന്ന നിർമാണം എന്നിവ അടങ്ങിയ പദ്ധതിയും സർക്കാർ അംഗീകാരത്തിന് നൽകിയിട്ടുണ്ട്.