ആലുവ: കേരള മുനിസിപ്പൽ ചെയർമാൻ ചേംബർ ജനറൽ സെക്രട്ടറിയായി ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോണിനെ തിരഞ്ഞെടുത്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ചെയർമാനും ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വൈസ് ചെയർപേഴ്സനുമാണ്.
മുനിസിപ്പൽ ഡയറക്ടർ രേണുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ 87 നഗരസഭകളുടെയും അദ്ധ്യക്ഷന്മാർ യോഗത്തിൽ സംബന്ധിച്ചു. 2000 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കേരള മുനിസിപ്പൽ ചെയർമാൻ ചേംബറിന്റെ ചെയർമാനായിരുന്നു എം.ഒ. ജോൺ. കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ചെയർമാനും വൈസ് ചെയർപേഴ്സനും സി.പി.എം പ്രതിനിധികളാണ്.