pic
അഭിലാഷ്

കോതമംഗലം: സ്വർണക്കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർകൂടി കോതമംഗലം പൊലീസിന്റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം വീട്ടിൽ സജിത്ത് (34), വരാപ്പുഴ ശാന്തിനഗർ ചുവന്നാരുംപാടത്ത് വീട്ടിൽ അഭിലാഷ് (34) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ വടുതല പുന്നക്കാട്ടുശ്ശേരി കണ്ടെയ്നർ സാബു എന്ന് വിളിക്കുന്ന സാബു, ചക്കരപ്പറമ്പ് പുൽപറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്ന് വിളിക്കുന്ന നിധിൻ ആന്റണി, ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗത്ത് പള്ളിക്ക വീട്ടിൽ ആന്റണി റിജോയ്, വരാപ്പുഴ പാലക്കാപറമ്പിൽ വീട്ടിൽ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നിന് ഇടുക്കി രാജാക്കാട് സ്വർണ്ണാഭരണകട നടത്തുന്ന ബെഷി സ്വർണം വാങ്ങാൻ കാറിൽ രാജകമാരിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴി തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജിനു സമീപം പ്രതികൾ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

കണ്ടെയ്നർ സാബുവും, സജിത്തും നിരവധി കവർച്ചാ കേസുകളിൽ പ്രതികളാണ്. എൽദോ മാത്യു ആക്രമിക്കപ്പെട്ട ബെഷിയുടെ ജ്വല്ലറിയുടെ സമീപത്ത് കട നടത്തുന്നയാളാണ്. എൽദോയും മറ്റ് പ്രതികളും ചേർന്നുള്ള ഗൂഢാലോചനയെ തുടർന്നാണ് കവർച്ചാ ശ്രമം നടന്നത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ രൂപികരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി സി.ജി.സനിൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി. അനിൽ, സബ് ഇൻസ്പെക്ടർമാരായ പി.ഡി. അനുപ് മോൻ, രാജേഷ് എ.എസ്.ഐമാരായ മുഹമ്മദ്‌, രഘുനാഥ്, ഷിബു, ബിജു ജോൺ സി.പി.ഒ മാരായ സുനിൽ മാത്യു, അനൂപ്, ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.