11

തൃക്കാക്കര: കൊവിഡിന്റെ മറവിൽ വ്യാജ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി പരാതി. ലോക്ക്ഡൗണിന്റെ ഭാഗമായി അക്ഷയ കേന്ദ്രങ്ങൾ തുറക്കാനുളള ഉത്തരവിന് ചുവടുപിടിച്ചാണ് വ്യാജ കേന്ദ്രങ്ങളുടെ പ്രവർത്തനം. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം അക്ഷയ കൂട്ടായ്മയുടെ പ്രസിഡന്റ് എം.പി ചാക്കോച്ചൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.

ജില്ലയിൽ വ്യാജമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അക്ഷയയുടെ പേരും ലോഗോയും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ അല്ലാതെ ജനസേവന കേന്ദ്രങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐ.ടി മിഷൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെയോ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയോ നിയന്ത്രണമില്ലാതെയാണ് പ്രവർത്തിക്കുന്നത്.

ജനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഇത്തരം കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ഇന്റലിജൻസ് വിഭാഗം ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് നൽകിയിരുന്നതായും പരാതിയിലുണ്ട്.