anjali
തമിഴ്നാട് സ്വദേശിയുമായി​ സംസാരി​ക്കുന്ന അഞ്ജലി​

കൊച്ചി: ലോക്ഡൗണിൽ പട്ടിണിയിലായ തമിഴ്നാട് സ്വദേശിക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും കൃത്യമായി എത്തിച്ചു കൊടുത്ത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് എടവനക്കാട് സ്വദേശിനി അഞ്ജലി. നിരാലംബനായ തമിഴ്‌നാട് സ്വദേശിക്ക് രണ്ടാഴ്ചയിലേറെ അന്നം നൽകി ഈ പത്തൊമ്പതുകാരി.

എടവനക്കാട് പഞ്ചായത്തിലെ കൊവിഡ് ബാധിതർക്കുള്ള ജനകീയ ഹോട്ടൽ നടത്തിപ്പ് ചുമതല അഞ്ജലിയുടെ അമ്മ ദിനിക്കാണ്. കൊവിഡ് ബാധിതർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് അഞ്ജലിയും പോകാറുണ്ട്. ഇതിനിടയിലാണ് വഴിയരികൽ കണ്ട തമിഴ്നാട് സേലം ആത്തൂർ സ്വദേശിയായ മാരിമുത്തു അഞ്ജലിയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർച്ചയായ രണ്ടുദിവസം ഇദ്ദേഹത്തെ വഴിയിൽ കണ്ടു. അടുത്ത ദിവസം ചോറുപൊതിഞ്ഞപ്പോൾ വീട്ടുകാർ കാണാതെ ഒരു പൊതി ഇദ്ദേഹത്തിനായി മാറ്റിവച്ചു. പിന്നീട് രക്ഷിതാക്കളോട് പറഞ്ഞപ്പോൾ അവരും അഞ്ജലിക്കൊപ്പം ചേർന്നു. ചികിത്സയ്ക്കായാണ് തമിഴ്നാട് സ്വദേശിയായ മാരിമുത്തു മൂവാറ്റുപുഴയിലെത്തിയത്. ലോക്ഡൗൺ വന്നതോടെ നാട്ടിലേക്ക് തിരിച്ചു പോകാനായില്ല.

അവിടെ നിന്ന് എടവനക്കാട് എത്തി. മാരിമുത്തുവിന് ജന്മനാട്ടിലേക്ക് പോകണമെന്നുണ്ട്. അതിനുള്ള സൗകര്യമോ ആരോഗ്യമോ ഇദ്ദേഹത്തിനില്ലെന്ന് അഞ്ജലി പറയുന്നു. സന്നദ്ധ സംഘടനകളോ സർക്കാരോ മുൻകൈയ്യെടുത്ത് ഇദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്നാണ് അവളുടെ അഭ്യർത്ഥന.

എടവനക്കാട് ചക്കമുറി വീട്ടിൽ ഉണ്ണികൃഷ്ണന്റേയും ദിനിയുടെയും മകളായ അഞ്ജലിക്ക് അർച്ചന, ആദിനാഥ് എന്നീ സഹോദരങ്ങളുമുണ്ട്. എറിയാട് ഗവൺമെന്റ് ഐ.ടി.ഐ വിദ്യാർത്ഥിനിയാണ്.