കൊച്ചി: നിയമവിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സീനിയർ വിദ്യാർത്ഥി കൊല്ലം തട്ടാമല സ്വദേശി അമൽ പഞ്ചു (24)വിനെ റിമാൻഡ് ചെയ്തു. പ്രണയം ഭാവിച്ച് താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിച്ചാണ് 21കാരിയെ പീഡിപ്പിച്ചത്.

ഒരേ കോളേജിൽ വിദ്യാർത്ഥികളാണ് പ്രതിയും പരാതിക്കാരിയും. പ്രണയത്തിലായശേഷം ഒരുമാസം മുമ്പ് വിദ്യാർത്ഥിനിയെ രവിപുരത്തെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. എതിർത്തെങ്കിലും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് പിന്നീട് പലകുറി ആവശ്യപ്പെട്ടെങ്കിലും താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. പൊലീസിൽ പരാതിപ്പെടാൻ മടിച്ചെങ്കിലും ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മാർട്ടിൻ ജോസഫ് അറസ്റ്റിലായ വാർത്ത വായിച്ചപ്പോഴാണ് സെൻട്രൽ സ്റ്റേഷനിലെത്തിയത്. കൊല്ലത്ത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അമൽ പഞ്ചുവിനെ പൊലീസ് പിടികൂടിയത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.