
കെ. സുധാകരന്റെ സ്ഥാനാരോഹണച്ചടങ്ങ് ടെലിവിഷനിൽ കണ്ടപ്പോഴാണ് ഒരുകാര്യം ശ്രദ്ധിച്ചത് : ഇന്ദിരാഭവനിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മാത്രമല്ല, മൺമറഞ്ഞുപോയ നമ്മുടെ ദേശീയ നേതാക്കളുടെയൊക്കെ ചിത്രങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുണ്ട്, മൗലാനാ ആസാദുണ്ട്, ജവഹർലാൽ നെഹ്റുവുണ്ട്, മഹാത്മാഗാന്ധിയുണ്ട്, സർദാർ പട്ടേലുണ്ട്, സുഭാഷ് ചന്ദ്രബോസുണ്ട്, ലാൽബഹാദൂർ ശാസ്ത്രിയും രാജീവ് ഗാന്ധിയുമുണ്ട്. എന്നാൽ നരസിംഹറാവുവിനെ മാത്രം അക്കൂട്ടത്തിൽ കണ്ടില്ല. അഞ്ചു വർഷക്കാലം എ.ഐ.സി.സി പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവുവിനെ ഒഴിവാക്കിയത് തികച്ചും യാദൃശ്ചികമാണെന്ന് കരുതാൻ ന്യായമില്ല.
2004 ഡിസംബർ 23 ന് നരസിംഹറാവു ഡൽഹിയിൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം എ.ഐ.സി.സി ഒാഫീസിൽ അന്ത്യോപചാരം അർപ്പിക്കാൻ വയ്‌ക്കുന്നതിനെ അഹമ്മദ് പട്ടേൽ വിലക്കി എന്നൊരു വാർത്തയുണ്ടായിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാർ ഡൽഹിയിലൊരിടത്തും ശവസംസ്കാരത്തിന് സ്ഥലം അനുവദിച്ചതുമില്ല. അതേ മനോഭാവം തന്നെയാകും ഇന്ദിരാഭവനിൽ റാവുവിന്റെ ചിത്രം ഒഴിവാക്കിയതിന്റെ പിന്നിലും പ്രവർത്തിച്ചിരിക്കാൻ സാദ്ധ്യത.
കോൺഗ്രസുകാർ അങ്ങനെ അയിത്തം കല്പിച്ചു മാറ്റി നിറുത്തേണ്ടയാളാണോ പി.വി. നരസിംഹറാവു ? അല്ല എന്നു തന്നെയാണ് ഉത്തരം. റാവു കോൺഗ്രസിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ, ഏതു കാലത്തും. മരണപര്യന്തം കോൺഗ്രസുകാരനായിരുന്നു. ഒരുഘട്ടത്തിലും നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല ; വിമതനായിട്ടില്ല. പാർട്ടി മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക നയങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ല. പലതവണ പാർട്ടി വിട്ടുപോയവരും പാർട്ടി നേതാക്കളെ പരസ്യമായി തള്ളിപ്പറഞ്ഞവരുമൊക്കെ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിലും കേരള നേതൃത്വത്തിലും ഉണ്ടായിട്ടുണ്ട്. അവരൊക്കെ പിന്നീട് തെറ്റു തിരുത്തിയും തിരുത്താതെയും പാർട്ടിയിലേക്ക് തിരിച്ചു വന്ന് നേതാക്കന്മാരായി തുടരുകയും ചെയ്തു. എന്നിട്ടും പാർട്ടിയിൽ അവസാനം വരെ ഉറച്ചു നിന്ന നരസിംഹറാവുവിനെ ഒറ്റപ്പെടുത്തുകയും മരണശേഷം അദ്ദേഹത്തിന്റെ സ്മരണയെ അകറ്റി നിറുത്തുകയും ചെയ്‌തത് എന്തുകൊണ്ടാണ്?
പി.വി. നരസിംഹറാവു സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചയാളാണ്. 1957 മുതൽ 1977വരെ ആന്ധ്രാ നിയമസഭയിൽ അംഗമായിരുന്നു. പലതവണ മന്ത്രിയാവുകയും ചെയ്തു. ജയ് തെലുങ്കാന പ്രക്ഷോഭത്തെത്തുടർന്ന് അങ്ങേയറ്റം സംഘർഷപൂരിതമായ ഒരു സാഹചര്യത്തിലാണ് 1971 ൽ നരസിംഹറാവു ആന്ധപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ എ.ഐ.സി.സി പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദ റെഡ്‌ഡിയും അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രി ജെ. വെങ്കൽറാവുവും ഇന്ദിരാവിരുദ്ധ പക്ഷത്താണ് നിലയുറപ്പിച്ചത്. അന്ന് ആന്ധ്രയിൽ ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചു നിന്നവർ പി.വി. നരസിംഹറാവുവും എം. ചെന്നറെഡ്‌ഡിയും മാത്രമായിരുന്നു.
1980 ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി. അതോടെ ദേശീയ രാഷ്ട്രീയത്തിൽ നരസിംഹറാവുവിന്റെ പ്രാധാന്യം വർദ്ധിച്ചു. 1980 - 1984 കാലയളവിൽ അദ്ദേഹം സുപ്രധാന വകുപ്പുകൾ കൈയാളി എന്നു മാത്രമല്ല, നയരൂപീകരണത്തിൽ ഇന്ദിരാഗാന്ധിയ്ക്ക് ഏറ്റവും ശക്തമായ പിന്തുണ നൽകിയത് നരസിംഹറാവുവും പ്രണബ് മുഖർജിയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.സി. അലക്സാണ്ടറുമായിരുന്നു. 1984 ഒക്ടോബർ 31 ന് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോൾ പിൻഗാമിയായി വിദേശ മാദ്ധ്യമങ്ങൾ സൂചിപ്പിച്ചത് നരസിംഹറാവുവിന്റെയും പ്രണബ് മുഖർജിയുടെയും പേരുകളായിരുന്നു. പക്ഷേ, രാഷ്ട്രപതി സെയിൽസിംഗും ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന ആർ.കെ. ധവാനും കൂടിയാലോചിച്ച് രാജീവ് ഗാന്ധിയെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുകയാണ് ഉണ്ടായത്. അതിനു ശേഷം മുഖർജി രാജീവ് ഗാന്ധിക്ക് തീർത്തും അനഭിമതനായി. അദ്ദേഹം പാർട്ടി വിട്ടുപോകുന്ന സാഹചര്യം പോലുമുണ്ടായി. അതേസമയത്ത് നരസിംഹറാവു രാജീവിന്റെ വിശ്വസ്തനായി തുടരുകയും അടുത്ത തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുകയും ചെയ്തു - ആന്ധ്രപ്രദേശിലെ ഹനംകൊണ്ടയിലും മഹാരാഷ്ട്രയിലെ രാംടെക്കിലും. ആ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച ഏക കോൺഗ്രസ് സ്ഥാനാർത്ഥി നരസിംഹറാവുവായിരുന്നു. അദ്ദേഹം ഹനംകൊണ്ടയിൽ പരാജയപ്പെട്ടു. രാംടെക്കിൽ വിജയിച്ചു. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലും പ്രധാനപ്പെട്ട വകുപ്പുകൾ തന്നെയാണ് നരസിംഹറാവു കൈകാര്യം ചെയ്തത്. വി.പി. സിംഗും അരുൺ നെഹ്റുവും ആരിഫ് മുഹമ്മദ് ഖാനുമൊക്കെ പാർട്ടി വിട്ടു പോയപ്പോഴും നരസിംഹറാവു രാജീവ് ഗാന്ധിക്കൊപ്പം ഉറച്ചു നിന്നു. 1989 ലെ തിരഞ്ഞെടുപ്പിലും നരസിംഹറാവു രാംടെക് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, അത്തവണ കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നു. അദ്ദേഹം പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് 1991 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി നാട്ടിലേക്ക് മടങ്ങിപ്പോവുകയാണ് ഉണ്ടായത്.
രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ ദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ മുതിർന്ന നേതാക്കളായ കെ. കരുണാകരനും കെ. വിജയഭാസ്കര റെഡ്‌ഡിയും ജി.കറുപ്പനയ്യ മൂപ്പനാരും മുൻകൈയെടുത്ത് നരസിംഹറാവുവിനെ നേതൃസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരികയാണ് ഉണ്ടായത്. അന്ന് കോൺഗ്രസ് പ്രസിഡന്റാകാൻ കച്ചകെട്ടി നിന്ന മറ്റു രണ്ടുപേർ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി നാരായൺ ദത്ത് തിവാരിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാറുമായിരുന്നു. എന്നാൽ കരുണാകരാദികളായ നേതാക്കളുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് റാവുവിന് കോൺഗ്രസ് അദ്ധ്യക്ഷനും തുടർന്ന് പ്രധാനമന്ത്രിയുമാകാൻ കഴിഞ്ഞത്. നരസിംഹറാവുവിന്റെ സ്ഥാനത്ത് ബോംബെ ബിസിനസ് ലോബിയുടെ അതിശക്തമായ സാമ്പത്തിക പിന്തുണയും സ്വന്തം നിലയ്ക്ക് നല്ല രാഷ്ട്രീയ പിൻബലവുമുണ്ടായിരുന്ന ശരത്പവാറാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ രാജ്യത്തിന്റെ ചരിത്രം മറ്റൊരു തരത്തിലാകുമായിരുന്നു. ഒരുപക്ഷേ, നെഹ്റു ഗാന്ധി കുടുംബാംഗങ്ങൾ കോൺഗ്രസ് നേതൃത്വത്തിൽ ഒരിക്കലും തിരിച്ചെത്തുമായിരുന്നില്ല.
1991 മുതൽ 1996 വരെ നരസിംഹറാവു കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചു. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുത്തത്. പഞ്ചാബിലും കാശ്മീരിലും തീവ്രവാദം രൂക്ഷമായിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ മൂലധനമായ സ്വർണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്തു പണയം വയ്‌ക്കേണ്ടി വന്ന അപമാനകരമായ സാഹചര്യം കൂടി ഉണ്ടായിരുന്നു. നരസിംഹറാവുവിന്റെ ഭരണകാലത്താണ് പുതിയ സാമ്പത്തിക നയം ആവിഷ്‌കരിച്ചത്. അദ്ദേഹമാണ് മൻമോഹൻ സിംഗിനെ ധനകാര്യമന്ത്രിയായും പി. ചിദംബരത്തെ സഹമന്ത്രിയായും നിയമിച്ചത്. അവരാണ് ആഗോളീകരണത്തിലും ഉദാരീകരണത്തിലും അധിഷ്ഠിതമായ പുതിയ സാമ്പത്തികനയം ആവിഷ്കരിച്ചതും നടപ്പാക്കിയതും. അതുവരെയുണ്ടായിരുന്ന ധനകാര്യ സിദ്ധാന്തങ്ങളിൽ നിന്നും വളരെ വ്യക്തമായ വ്യതിചലനമാണ് ആ സമയത്തുണ്ടായത്. അന്ന് ഇൗ സാമ്പത്തിക നയത്തെ വിമർശിച്ചയാളുകൾ പോലും പിന്നീട് അതു പിന്തുടരുന്ന സാഹചര്യമുണ്ടായി. അത് ഇന്നേ ദിവസം വരെയും തിരുത്തൽ കൂടാതെ നിലനിൽക്കുകയും ചെയ്യുന്നു. ചേരിചേരാ നയത്തിലധിഷ്ഠിതമായ ഇന്ത്യയുടെ പരമ്പരാഗത വിദേശനയവും നരസിംഹറാവുവാണ് പൊളിച്ചെഴുതിയത്. റാവുവിന്റെ കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയന്റെ അസ്തമയം ഉണ്ടായത്. ഏകധ്രുവലോകം എന്ന രീതിയിലേക്ക് കാര്യങ്ങൾ പരിണമിച്ചത്. നരസിംഹറാവു അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താൻ പ്രയത്നിച്ചു എന്നു മാത്രമല്ല, ഇസ്രായേലുമായി നയതന്ത്രബന്ധം ആരംഭിക്കുകയും ചെയ്തു. പഞ്ചാബിൽ സമാധാനം പുന: സ്ഥാപിച്ചതും ജമ്മു കാശ്മീരിൽ തീവ്രവാദികളെ ഒറ്റപ്പെടുത്തിയതും തീർച്ചയായും റാവുവിന്റെ ഭരണനേട്ടം തന്നെയാണ്.
ബാബറി മസ്ജിദ് തകർക്കുന്നതിന് നരസിംഹറാവു മൗനാനുവാദം നൽകി എന്നതാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗുരുതരമായ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥമില്ല. കാരണം ഉത്തർപ്രദേശിൽ അന്ന് ബി.ജെ.പി സർക്കാരാണ് ഭരിച്ചിരുന്നത്. കല്യാൺ സിംഗായിരുന്നു മുഖ്യമന്ത്രി. സുപ്രീം കോടതിയിൽ തൊട്ടു തലേദിവസം വരെ യു.പി സർക്കാർ ഉറപ്പു നൽകിയത് തർക്ക മന്ദിരത്തിന് യാതൊരു കേടുപാടും വരുത്തുകയില്ല എന്നും കർസേവ തീർത്തും പ്രതീകാത്മകമായിരിക്കും എന്നുമാണ്. നമ്മുടെ ഫെഡറൽ സംവിധാനത്തിൽ ക്രമസമാധാന പരിപാലനത്തിന്റെ പരിപൂർണമായ ചുമതല സംസ്ഥാന സർക്കാരിനാണ്. യു.പി സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പു നൽകുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ അവിടെ കേന്ദ്ര സേനയെ വിന്യസിക്കാനോ കടന്ന കൈ എന്ന നിലയ്ക്ക് സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടാനോ സാദ്ധ്യമായിരുന്നില്ല. അതുകൊണ്ടാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്ന നിർഭാഗ്യകരമായ സാഹചര്യമുണ്ടായത്. മസ്ജിദ് തകർക്കപ്പെട്ടശേഷം നരസിംഹറാവു തനിക്കു ചെയ്യാനാവുന്ന കാര്യം ചെയ്തു. കല്യാൺ സിംഗ് മന്ത്രിസഭയെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അതോടൊപ്പം ബി.ജെ.പി ഭരിക്കുന്ന മറ്റു മൂന്നു സംസ്ഥാന സർക്കാരുകളെക്കൂടി പിരിച്ചു വിട്ടു - ഹിമാചൽ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ. ഒരു വർഷത്തിനുശേഷം മേൽപറഞ്ഞ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പു നടന്നപ്പോൾ രാജസ്ഥാനിൽ മാത്രമാണ് ബി.ജെ.പിക്ക് അധികാരത്തിൽ തിരിച്ചു വരാൻ കഴിഞ്ഞത്. ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബർഹാൻ കമ്മിഷൻ നരസിംഹ റാവുവിന് ക്ളീൻ ചിറ്റു നൽകി എന്ന കാര്യവും പ്രധാനമാണ്.
നരസിംഹറാവുവിന്റെ ഭരണകാലം തികച്ചും കളങ്കരഹിതമായിരുന്നുവെന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന്റേത് ഒരു ന്യൂനപക്ഷ മന്ത്രിസഭയായിരുന്നു. ഭരണം നിലനിറുത്താൻ വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു. ഭരണത്തിൽ ചന്ദ്രസ്വാമിയുടെ ഇടപെൽ, അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ജാർഖണ്ഡ് മുക്തിമോർച്ചയിലെ എം.പിമാർക്ക് പണം കൊടുത്ത് സ്വാധീനിച്ചതുപോലെയുള്ള നടപടികൾ, ജസ്റ്റിസ് രാമസ്വാമിയുടെ ഇംപീച്ച്മെന്റ് പ്രമേയത്തെ പരാജയപ്പെടുത്തിയതു തുടങ്ങി അനഭിലഷണീയമായ നിരവധി സംഭവങ്ങൾ അക്കാലത്തുണ്ടായി. എങ്കിലും 1980 -1984 കാലത്തെ ഇന്ദിരാഗാന്ധിയുടെയും 1984 - 1989 കാലഘട്ടത്തിലെ രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഭരണമാണ് നരസിംഹറാവുവിന്റെ സമയത്തുണ്ടായത്.
1996 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം നേരിട്ടു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എങ്കിലും 2014 ലും 2019 ലും കോൺഗ്രസ് പാർട്ടിക്കു നേരിട്ട തകർച്ചയോടു താരതമ്യം ചെയ്യുമ്പോൾ ആ പരാജയം തുലോം നിസാരമായിരുന്നു എന്ന് നമുക്കിപ്പോൾ തിരിച്ചറിയാൻ കഴിയും. അധികാരമൊഴിഞ്ഞ ശേഷം വലിയ അഴിമതിയാരോപണങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നരസിംഹറാവു. പക്ഷേ, അവയൊന്നും ഒരു കോടതിയിലും തെളിഞ്ഞില്ല. എന്നു മാത്രമല്ല, ജീവിതാവസാനകാലത്ത് അദ്ദേഹം പണത്തിന് വളരയെധികം ബുദ്ധിമുട്ടുകയും ചെയ്തു. സോണിയഗാന്ധി കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തശേഷം നരസിംഹറാവു പൂർണമായും തമസ്കരിക്കപ്പെട്ടു. മുമ്പ് സൂചിപ്പിച്ചതു പോലെ അദ്ദേഹത്തിന്റെ മൃതദേഹത്തോടു പോലും പാർട്ടി അനാദരവ് പ്രകടിപ്പിച്ചു. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖരറെഡ്‌ഡി മുൻകൈയെടുത്താണ് റാവുവിന്റെ മൃതദേഹം ഹൈദരാബാദിൽ കൊണ്ടുവന്ന് സംസ്കരിച്ചത്. സ്മാരകം പണിയാൻ സുമാർ മൂന്നേക്കർ സ്ഥലം പതിച്ചു കൊടുത്തതും റെഡ്‌ഡി തന്നെ. അതിനകം പ്രധാനമന്ത്രിയായി തീർന്നിരുന്ന മൻമോഹൻസിംഗും ധനകാര്യമന്ത്രിയായിരുന്ന ചിദംബരവും സംസ്കാര സമയത്ത് സന്നിഹിതരായിരുന്നു. എൽ.കെ. അദ്വാനിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും എത്തിച്ചേർന്നു. ബഹുകാര്യ വ്യഗ്രതയ്ക്കിടയിൽ സോണിയാ ഗാന്ധിയോ രാഹുൽ, പ്രിയങ്ക ഗാന്ധിമാരോ ഹൈദരാബാദ് വരെ പോകാൻ സമയം കണ്ടെത്തിയില്ല.
എന്താണ് നരസിംഹറാവു ചെയ്ത യഥാർത്ഥ പാതകം ? അദ്ദേഹം മൻമോഹൻ സിംഗിനെപ്പോലെ ഒരു പാവ പ്രധാനമന്ത്രിയായിരുന്നില്ല. അമ്മ മഹാറാണിയുടെ പുഷ്‌പ പാദുകം സിംഹാസനത്തിൽ വച്ച് പാദുക പട്ടാഭിഷേകം നടത്താൻ തയ്യാറായില്ല. രാജീവ് ഗാന്ധിയുടെ വിധവ എന്ന നിലയിൽ സോണിയ ഗാന്ധിക്ക് അർഹമായ അംഗീകാരവും ബഹുമാനവും നൽകാൻ റാവു തയ്യാറായിരുന്നു. അതിനപ്പുറം ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് സോണിയാജിയും അവരുടെ വൈതാളികരും നരസിംഹറാവുവിനെ കഠിനമായി വെറുക്കുകയും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങൾ പോലും പരമാബദ്ധങ്ങളാക്കി ചിത്രീകരിക്കുകയും ചെയ്തു.
ഇന്ദിരാ ഭവനിലെ ഭിത്തിയിൽ നിന്ന് നരസിംഹറാവുവിനെ നിങ്ങൾക്ക് ഒഴിവാക്കാം. പക്ഷേ, ഇന്ത്യാ ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ തൂത്തുമാറ്റാൻ കഴിയുകയില്ല.