മൂവാറ്റുപുഴ: പായിപ്ര സർക്കാർ യു.പി സ്കൂളിൽ ഇനി മുതൽ എല്ലാ ദിവസവും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ വാർത്താവതരണവുമായി രംഗത്ത് വരും. ഇന്ന് മുതൽ 25 വരെ നടക്കുന്ന വായന വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് കുട്ടികളുടെ വാർത്താവതരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാർത്തകൾ തയ്യാറാക്കൽ,എഡിറ്റിംഗ് , അവതരണ രീതി എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂൾ തല വായന വാരാചരണം ഇന്ന് വൈകിട്ട് 7 ന് ഗൂഗിൾമീറ്റ് പ്ലാറ്റ്ഫോമിലൂടെ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്യും. കവിയും പ്രഭാഷകനുമായ പായിപ്ര ദമനൻ മുഖ്യപ്രഭാഷണം നടത്തും. കുട്ടികൾക്കായി പി.എൻ.പണിക്കർ അനുസ്മരണം, പ്രൊഫൈൽ നിർമ്മാണം, പുസ്തകപ്പൂക്കളം ഒരുക്കൽ, പുസ്തകാസ്വാദനം, എഴുത്തുകാരനെ പരിചയപ്പെടൽ, പ്രസംഗം, ഹോം ലൈബ്രറി ഒരുക്കൽ, കാവ്യകേളി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.