മുളന്തുരുത്തി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചവും ഒപ്പം അന്നവും നൽകി മുളന്തുരുത്തി പബ്ലിക് ലൈബ്രറി ശതാബ്ദിനിറവിൽ.ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ മാത്രമല്ല, കൃഷി, ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. 1932ലാണ് മുളന്തുരുത്തി പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. ഗ്രന്ഥശാല, വായനാമുറി,റഫറൻസ് ലൈബ്രറി, ലൈബ്രറി സന്ദർശിച്ച സാഹിത്യ നായകന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക ചിത്രശാല എന്നിവയും ഇപ്പോൾ ഗ്രന്ഥശാലയുടെ ഭാഗമാണ്.മൂവായിരത്തിലേറെ അംഗങ്ങളും 22000 ലധികം പുസ്തകങ്ങളുമുണ്ട്.ഗാന്ധി റഫറൻസ് ലൈബ്രറി, കരിയർ ഗൈഡൻസ് ലൈബ്രറി, മെഡിക്കൽ ലൈബ്രറി എന്നിങ്ങനെ മൂന്നു റഫറൻസ് വിഭാഗങ്ങളാണ് ലൈബ്രറിയുടെ പ്രത്യേകത. കുട്ടികൾക്കു വേണ്ടി പ്രത്യേക പുസ്തക വിഭാഗമുണ്ട്. പുസ്തങ്ങൾ കാറ്റലോഗിംഗ് നടത്തി കമ്പ്യൂട്ടർവത്കരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.വൈലോപ്പിള്ളിയുടെ സ്മാരകമായി ഒരു ഡിജിറ്റൽ ഡിസൈൻഡ് ലൈബ്രറിയാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.വിദ്യാർത്ഥികളുടെ സർഗ രചനകൾ ഉൾപ്പെടുത്തി മാരിവിൽ എന്ന പേരിൽ പുസ്തകം പുറത്തിറക്കിയിരുന്നു. സജി മുളന്തുരുത്തി (പ്രസിഡന്റ്),ജോളി.പി തോമസ് (വൈസ് പ്രസിഡന്റ്) കെ.കെ. സണ്ണി സെക്രട്ടറി , വി.ആർ. നിഷ (ജോയിറ്റ് സെക്രട്ടറി ) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഇപ്പോൾ വായനശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കാർഷിക മേഖലയിൽ തിളങ്ങി

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന നെല്ലും പയറും അടക്കമുള്ള ജൈവക്കൃഷി മുളന്തുരുത്തിയുടെ കാർഷികരംഗത്തെ വലിയൊരു വിപ്ലവം തന്നെയായിരുന്നു. 2017 മുതലാണ് തരിശു കിടന്ന ചെങ്ങോലപ്പാടത്ത് ജൈവ നെൽക്കൃഷിക്ക് തുടക്കം കുറിച്ചത്.ഇവിടെ നിന്നും ലഭിച്ച നെല്ല് ചെങ്ങോലപ്പാടം കുത്തരി എന്ന ബ്രാൻഡായി ഇപ്പോഴും വില്പന നടത്തുന്നുണ്ട്.അതോടൊപ്പം ജൈവ പയർ കൃഷിയും നടത്തി. ജൈവ പയർ വിത്തുകളും വിപണിയിലെത്തിച്ചു. കാർഷിക രംഗത്തെ ഈ നേട്ടങ്ങൾക്ക് ലൈബ്രറിക്ക് പുരസ്കാരങ്ങളും ലഭിച്ചു.

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ

വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് ഗ്രന്ഥശാലയുടെ മറ്റൊരു പ്രത്യേകത. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് പത്തു ദിവസം തുടർച്ചയായി നടത്തിയ ആഘോഷ പരിപാടികൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.കലാ - സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രഭാഷണ പരമ്പരകൾ മുളന്തുരുത്തിയുടെ സാംസ്കാരിക രംഗത്തെ ചരിത്രമാണ്.

ചെറുകിട വ്യവസായ മേഖലയിലെ കൈയൊപ്പ്

വെളിച്ചെണ്ണ ഉപയോഗിച്ചു നിർമ്മിക്കുന്ന ആറു തരം സോപ്പുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. പരിസ്ഥിതിക്ക് ഭീഷണിയായ പ്ലാസ്റ്റിക്കിനെതിരെ തുണി സഞ്ചി നിർമ്മിച്ചു വിതരണം ചെയ്താണ് പ്രതിരോധം തീർത്തത്. എൽ.ഇ.ഡി ബൾബ് നിർമാണവും നടക്കുന്നു. കൊവിഡ് കാലത്ത് സേവന പ്രവർത്തനങ്ങളിലും ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായിരുന്നു.