മൂവാറ്റുപുഴ: സ്വിറ്റ്സർലന്റിൽ ജോലിചെയ്യുന്ന മാതാവിനെ കാണാൻ ടിക്കറ്റെടുത്ത കുട്ടിക്കും പിതാവിനും യാത്ര നിഷേധിച്ച എത്തിഹാദ് എയർവെയ്സ് അമ്പതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവായി. മൂവാറ്റുപുഴ കടാതി പൂണേലിൽ ജോഷി സമർപ്പിച്ച ഹർജിയിലാണ് വേണുകരുണാകരൻ ചെയർമാനും സി. രാധാകൃഷ്ണൻ , പി.ജി ഗോപി എന്നിവർ അംഗങ്ങളുമായ ഫോറത്തിന്റെ വിധി. വേനൽ അവധികാലത്ത് യാത്രചെയ്യുവാൻ കൗണ്ടറിലെത്തി ബാഗുകൾ നിക്ഷേപിച്ചശേഷം യാത്ര നിഷേധിച്ചതുസംബന്ധിച്ചായിരുന്നു ഹർജി. ഒരു സീറ്റുമാത്രമെ ഒഴിവുളുവെന്ന് പറഞ്ഞ് ഇരുവർക്കും യാത്ര നിഷേധിക്കുകയായിരുന്നു. അധിക ബുക്കിംഗ് മൂലമാണ് സീറ്റ് ഇല്ലാതെ പോയതെന്ന് ആദ്യം മറുപടി നൽകിയ കമ്പനി കേസ് വന്നപ്പോൾ ഹർജിക്കാർ വൈകിയാണ് കൗണ്ടറിൽ എത്തിയതെന്ന പുതിയ ന്യായം ഉന്നയിച്ചു. ടെലിഫോൺ ടവർ ലൊക്കേഷൻ രേഖകൾ പ്രകാരം നിശ്ചിത സമയത്ത് എത്തി ചേർന്നതായി വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി അഡ്വ.ടോം ജോസ് ഹാജരായി.