കൊച്ചി: കോർപ്പറേഷന്റെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ പാളി. നഗരത്തിൽ ഡെങ്കി പടരുന്നു. കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കായി മാത്രം ഓരോ ഡിവിഷനിലേക്കും മൂന്ന് കരാർ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ഫോഗിംഗ് ഒഴിവാക്കി സ്പ്രേയിംഗ് മാത്രമാക്കി. കാനകളിലെ നീരൊഴുക്ക് സുഗമമാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൊതുകുപട ആർത്തുയരുകയാണ്. ഇടവിട്ടുള്ള മഴയും കൊതുക് പെരുകാൻ കാരണമാകുന്നു. കൊവിഡിനൊപ്പം മഴക്കാല രോഗങ്ങൾകൂടി വർദ്ധിച്ചാൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ താളംതെറ്റും

 ആറ് മാസത്തിനിടെ ഡെങ്കി ബാധിച്ചത് 241 പേർക്ക്

 നഗരപരിധിയിൽ എട്ട് ഹോട്ട് സ്പോട്ടുകൾ


 ജനുവരി ഒന്നുമുതലുള്ള കണക്ക്
സംശയിക്കുന്ന കേസുകൾ 447
സ്ഥീരീകരിച്ചത് 241
മരണം 2

 വീടുകൾ കൊതുക് പ്രജനന കേന്ദ്രങ്ങളായി

വീടിനുള്ളിൽ മണിപ്ളാന്റ് ഉൾപ്പെടെയുള്ള ചെടികൾ വളർത്തുന്ന പ്രവണത വർദ്ധിച്ചത് കൊതുകുകൾക്ക് അനുഗ്രഹമായി

പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു

 ഈഡിസ് കൊതുകുകളാണ് ഡെങ്കി പടർത്തുന്നത്

 ഇതിന്റെ മുട്ടയും രോഗവാഹകരാണ്

 ഒരു ചിരട്ടവെള്ളത്തിൽ 100-150 മുട്ടകൾ ഉൾക്കൊള്ളും

 ചിരട്ടയുടെ വക്കിൽ മുട്ട പറ്റിപ്പിടിച്ചിരിക്കും

 ഒരുവർഷംവരെ ഇതിന് അതിജീവനശേഷിയുണ്ടാകും

 ഈഡിസ് കൊതുകുകൾ പകൽനേരത്താണ് രക്തംകുടിക്കുന്നത്.

 മുറിക്കുള്ളിലെ ചെടിവളർത്തൽ

ഒഴിവാക്കുക

വീടുകൾക്കുളളിൽ കൊതുകിന്റെ ഉറവിടം കണ്ടെത്തുന്ന സാഹചര്യത്തിൽ അകത്തളങ്ങളിൽ സസ്യങ്ങൾ ഒഴിവാക്കുക. കൊവിഡ് ബാധിച്ചവർക്ക് മറ്റ് പകർച്ചവ്യാധികൾ പിടിപെട്ടാൽ സ്ഥിതി ഗുരുതരമാവും. സ്വയംചികിത്സ ഒഴിവാക്കണം. പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവർ ടെലിമെഡിസിൻ വഴി ഡോക‌്ടറുടെ സഹായം തേടണം. പനി തുടങ്ങി രണ്ടാം ദിവസം രക്തപരിശോധന നടത്തിയാൽ ഡെങ്കി കണ്ടെത്താം.

ഡോ. വിനോദ് പൗലോസ്
ജില്ലാ സർവൈലൻസ് ഓഫീസർ

(കൊവിഡിതര രോഗങ്ങൾ)


 അപകടമേഖലയായി

വൈറ്റില

കൊച്ചി കോർപ്പറേഷനിലെ 52ാം ഡിവിഷനായ വൈറ്റില ജനതയിൽ സ്ഥിതി രൂക്ഷമാണ്. 60 പേർക്കാണ് ഇവിടെ ഡെങ്കി റിപ്പോർട്ട് ചെയ്തത്. മിക്ക വീടുകളിലും ഉറവിടം കണ്ടെത്തിയിട്ടുണ്ട്. കലൂർ നോർത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗർ, പച്ചാളം, ചക്കാമടം എന്നീ പ്രദേശങ്ങളും ഡെങ്കി ഹോട്ട് സ്പോട്ടായി മാറി.
നഗരത്തിൽ മാത്രം 176 സംശയിക്കുന്ന കേസുകളും 98 സ്ഥീരീകരിച്ച കേസുകളും ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 ജനകീയ പങ്കാളിത്തം വേണം

ഡെങ്കി റിപ്പോർട്ട് ചെയ്ത ഡിവിഷനുകളിൽ ഫോഗിംഗ് നടത്തി. ആഴ്ചയിൽ മൂന്നുദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു. ബോധവത്കരണ പ്രവർത്തനങ്ങൾാണ് മുൻഗണന

ടി.കെ. അഷ്റഫ്

ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷൻ