അപൂർവ നേട്ടവുമായി ശ്രീനാരായണ വിദ്യാർത്ഥിനി സദനം ഗ്രന്ഥശാല
കൊച്ചി: അക്ഷര മുറ്റത്തേക്ക് സ്‌ത്രീകളെയും കുട്ടികളെയും കൈപിടിച്ച എറണാകുളം ശ്രീനാരായണ വിദ്യാർത്ഥിനി സദനം (എസ്.എൻ.വി) ഗ്രന്ഥശാല ശതാബ്ദിയുടെ നിറവിൽ. നൂറ്റാണ്ടിന്റെ ആ വായനാ പ്രതാപം ലോക്ക് ഡൗൺകാലത്തും തലയെടുപ്പോടെ ഇവിടെയുണ്ട്. 1921 ജൂൺ ആറിന് അഞ്ച് അന്തേവാസികളുമായി എസ്.എൻ.വി സദനം ഹോസ്റ്റൽ ആരംഭിക്കുമ്പോൾ ഒപ്പം ചെറിയൊരു ഗ്രന്ഥശാലയുമുണ്ടായിരുന്നു. മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പിന്നാക്ക സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുകയായിരുന്നു പ്രഥമലക്ഷ്യം. സാമൂഹ്യപ്രവർത്തകരായിരുന്ന സിസ്റ്റർ തപസ്വിനിഅമ്മ, മണ്ണന്തറ പാർവതിഅമ്മ, പാണാവള്ളി കൃഷ്ണൻ വൈദ്യർ, അഴീക്കൽ കൃഷ്ണൻ വൈദ്യർ എന്നിവരുടെ നേതൃത്വത്തിലാണ് തേവരയിലെ വാടകക്കെട്ടിടത്തിൽ ഹോസ്റ്റൽ ആരംഭിച്ചത്.
സഹോദരൻ അയ്യപ്പന്റെ ഭാര്യ പാർവതി അയ്യപ്പൻ, ഭവാനി കൃഷ്ണൻ, പി.എസ്. വേലായുധൻ തുടങ്ങിയവരുടെകൂടി സഹകരണത്തോടെ എസ്.എൻ.വി സദനം വിപുലീകരിച്ചു. കെ.ആർ. ഗൗരിഅമ്മ മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ഇവിടെ താമസിച്ചത്. ഇപ്പോൾ സ്വന്തം സ്ഥലവും കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളുമുള്ള സദനത്തിൽ വിദ്യാർത്ഥിനികളും ജോലിക്കാരായ സ്ത്രീകളുമുൾപ്പെടെ അഞ്ഞൂറിലധികം അന്തേവാസികളുണ്ട്. വൃദ്ധസദനവും പ്രവർത്തിക്കുന്നുണ്ട്.
നവോത്ഥാനത്തിലെ സ്ത്രീശാക്തീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിന്റെ വലിയ ആകർഷണമാണ് ഇന്നും തലയെടുപ്പോടെയുള്ള ഗ്രന്ഥശാല. അന്തേവാസികൾക്ക് പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളും ലഭ്യമാക്കാൻ ലോക്ക് ഡൗണിൽ പോലും പ്രവർത്തിച്ചു.
കെ.ആർ. ഗൗരിഅമ്മയുൾപ്പെടെ പതിനായിരക്കണക്കിന് സ്ത്രീകൾ അംഗത്വമെടുത്തിട്ടുള്ള ലൈബ്രറിയിൽ ഇപ്പോൾ ഹോസ്റ്റലിലെ താമസക്കാരും ജീവനക്കാരുമുൾപ്പെടെ അഞ്ഞൂറിലധികം സജീവ അംഗങ്ങളും 37000ലധികം പുസ്‌തകങ്ങളുമുണ്ട്. സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷനുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ്. പിന്നീട് കെ.എസ്. രാഘവൻ സ്മാരക ഗ്രന്ഥശാലയെന്ന് നാമകരണം ചെയ്‌തു.