കോലഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഐക്കരനാട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും വാക്‌സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തിനും എതിരായി സി.പി.എം ഐക്കരനാട് ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ലോക്കൽ സെക്രട്ടറി പി.എം.യാക്കോബ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മി​റ്റി അംഗം എം.കെ.മനോജ് അദ്ധ്യക്ഷനായി. കൊവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വർദ്ധനവാണ് പഞ്ചായത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയാണ് കാരണമെന്ന് സി.പി.എം ആരോപിക്കുന്നു. ജാഗ്രതാസമിതികൾ മുഴുവൻ രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗബാധിതരായ ആളുകളെ യഥാസമയം ഡി.സി.സികളിലേക്ക് മാ​റ്റുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് പഞ്ചായത്ത് വരുത്തുന്നതെന്നും കുറ്റപ്പെടുത്തി. ലോക്കൽ കമ്മി​റ്റി അംഗങ്ങളായ സി.കെ.നാരായണൻ, പി.കെ. അനീഷ്, പി.ബിജു കുമാർ, ബെൽജു ബെന്നി എന്നിവർ സംസാരിച്ചു.