മൂവാറ്റുപുഴ: മദ്യപിച്ച് വീട്ടിലെത്തിയ ശേഷം പിതാവിനെ പതിവായി മർദിക്കുന്ന മകനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ ആർ.ഡി.ഒ എം.വി.സുരേഷ് കുമാർ ഉത്തരവിട്ടു. മകന്റെ മർദനത്തെ തുടർന്ന് മൂക്കിനും കണ്ണിനും പരിക്കേറ്റ വാളകം കുന്നയ്ക്കാൽ പടിഞ്ഞാറേ പുതിയമഠത്തിൽ ബോസ് പോളിനെ പിറവത്തെ എം.ജി.സി.എം കരുണാലയത്തിൽ പ്രവേശിപ്പിക്കാനും പൊലീസ് സംരക്ഷണം ഉറപ്പാക്കാനും മൂവാറ്റുപുഴ മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിംഗ് ഓഫിസർ കൂടിയായ ആർ.ഡി. ഒ ഉത്തരവിട്ടിട്ടുണ്ട്. മകന് എതിരെ മൂന്ന് ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരമാണ് നടപടി. മദ്യപിച്ച് വീട്ടിൽ എതിതിയ ശേഷം പതിവായി പിതാവിനെ മർദിക്കുകയും വീട് തല്ലിതകർക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് പിതാവ് മെയിന്റനൻസ് ട്രിബ്യൂണലിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബോസ് പോളിന്റെ ജീവന് ഏതു നിമിഷവും മകനിൽ നിന്നും അപകടം സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്നും പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്തതിനാൽ ഇനിയും ആക്രമണം ഉണ്ടാകുന്നതിനുളള സാധ്യത കാണുന്നതായും മെയിന്റനൻസ് ട്രിബ്യൂണൽ വിലയിരുത്തി. ഇതേ തുടർന്നാണ് പരാതിക്കാരനെ അടിയന്തരമായി ആന്റിജൻ ടെസ്റ്റ് ഉൾപ്പെടെ ഉള്ള വൈദ്യപരിശോധനകൾ നടത്തി ചികിത്സ ഉറപ്പു വരുത്താനും നിർദേശിച്ചത്.