film-shoot

കൊച്ചി: രണ്ടു കൊവിഡ് ഇടവേളകൾക്ക് ശേഷം സിനിമാചിത്രീകരണം ആരംഭിക്കാനുള്ള ചർച്ചകൾക്ക് തുടക്കമായി. രണ്ടാം ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രദർശനവും ചിത്രീകരണവും അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാവ്യവസായികൾ. ജൂലായ് പകുതിയോടെ തിയേറ്ററുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ജൂലായ് രണ്ടാം വാരം തിയേറ്ററുകൾ തുറക്കാൻ കഴിയുകയും ഓണക്കാലത്ത് മുഴുവൻ പ്രേക്ഷകർക്കും പ്രവേശനം അനുവദിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാള സിനിമാലോകം. ഉടമകളുമായുള്ള പുതിയ കരാറനുസരിച്ച് എല്ലാ തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്യുകയെന്ന ചരിത്രത്തിനും ഓണക്കാലം സാക്ഷിയാകും. ഇത് സംബന്ധിച്ച് മന്ത്രി സജി ചെറിയാനുമായി സിനിമാവ്യവസായ സംഘടനകൾ 24ന് ചർച്ച നടത്തും.

 തുടക്കം മരക്കാറുമായി
ജൂലായ് രണ്ടാം വാരം ലോക്ക്ഡൗണിന് മുമ്പ് റിലീസ് ചെയ്ത ചിത്രങ്ങളുടെ പ്രദർശനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയിട്ടുള്ളത്. ആഗസ്റ്റിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യും. മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിലെ സിംഹം' ആയിരിക്കും ആദ്യചിത്രം. ആഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഇന്നലെ പ്രഖ്യാപിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ലോകമെങ്ങും റിലീസ് ചെയ്യും.

 റിലീസിന് 120 സിനിമകൾ
തിയേറ്റർ റിലീസിന് 120 സിനിമകളാണ് കാത്തിരിക്കുന്നത്. ആയിരംകോടി രൂപയോളമാണ് ഇവയ്ക്ക് ചെലവഴിച്ചത്. സൂപ്പർതാരങ്ങളുടെ സിനിമകളും ഇവയിലുണ്ട്. നിർമ്മാതാവ് നൽകുന്ന കത്ത് പരിഗണിച്ച് തിയേറ്ററുടമകളുടെ സംഘടന റിലീസിന് തീയതികൾ നിശ്ചയിക്കും. തിയേറ്റർ ഉടമകളുമായുണ്ടാക്കുന്ന കരാർ പ്രകാരം എത്ര തിയേറ്ററുകളിലും റിലീസ് ചെയ്യാം. ഒരുസമയം ഒരു സിനിമയേ റിലീസ് ചെയ്യൂ. എല്ലാ സിനിമകൾക്കും വരുമാനം ഉറപ്പാക്കാനാണിതെന്ന് തിയേറ്ററുടമകളുടെ സംഘടനാ ഭാരവാഹികൾ 'കേരളകൗമുദി"യോട് പറഞ്ഞു.

'ജൂലായിൽ പകുതി സീറ്റിലും ഓണക്കാലത്ത് പ്രേക്ഷകർക്ക് തിയേറ്റർ നിറയെ പ്രവേശനം അനുവദിച്ചും തിയേറ്ററുകൾ തുറക്കാൻ അനുവദിക്കണം. ഒന്നാം ലോക്ക് ഡൗണിനുശേഷം റിലീസ് ചെയ്ത സിനിമകൾക്ക് ഭേദപ്പെട്ട വരുമാനം ലഭിച്ചതാണ് പ്രതീക്ഷ നൽകുന്നത്".

- കെ. വിജയകുമാർ, പ്രസിഡന്റ്,

കേരള ഫിലിം ചേംബർ