ആലുവ: പരിശോധനയും നിയന്ത്രണവുമില്ല. ആലുവ റെയിൽവെ സ്റ്റേഷൻ പരിസരം വീണ്ടും തിരിക്കിൽ മുങ്ങി. കൊവിഡ് വ്യാപന ആശങ്കയിൽ നെഞ്ചിൽ കൈവച്ച് ആലുവക്കാർ. ട്രെയിൻ സർവീസ് പുനരാരംഭിച്ചതോടെയാണ് സ്റ്റേഷൻ പരിസരത്ത് തിരക്കേറിയത്. അന്യസംസ്ഥാനക്കാരാണ് കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കൂട്ടം കൂടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഓരോ ട്രെയിനുകളിലും നൂറുകണക്കിന് അന്യസംസ്ഥാനക്കാരാണ് ആലുവയിൽ ഇറങ്ങുന്നത്. തൊഴിൽ തേടിയെത്തുന്ന അന്യസംസ്ഥാനക്കാരുടെ ഹബാണ് ആലുവ.
റെയിൽവെ സ്റ്റേഷന് പുറത്തിറങ്ങിയാൽ കൂട്ടംകൂടി നിൽക്കുന്നതും പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി യാത്രാകുലി സംബന്ധിച്ച് വിലപേശുന്നതുമെല്ലാം സാമൂഹ്യ അകലം പാലിക്കാതെയാണ്. ഇക്കാര്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരും ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.ആലുവയിൽ നിന്നാണ് പെരുമ്പാവൂർ, കളമശേരി, കിഴക്കമ്പലം, എടയാർ, നാലാംമൈൽ തുടങ്ങിയ മേഖലകളിലേക്കെല്ലാം തൊഴിലാളികൾ പോകുന്നത്.കൊവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ഇതരസംസ്ഥാനക്കാർ മടങ്ങിയെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ രജിസ്റ്ററുകൾ വച്ച് വിലാസങ്ങളെല്ലാം രേഖപ്പെടുത്തിയാണ് പുറത്തേക്ക് വിട്ടിരുന്നത്. ഇക്കുറി യാതൊരു പരിശോധനയുമില്ല. ആവശ്യത്തിന് പൊലീസുമില്ല.
മദ്യപന്മാരുടെ അഴിഞ്ഞാട്ടം
മദ്യശാലകൾ തുറന്നതോടെ മദ്യപാനികളുടെ അഴിഞ്ഞാട്ടവും തുടങ്ങി. വ്യാഴാഴ്ച്ച മദ്യപന്മാർ പരസ്പരം ഏറ്റുമുട്ടി. ഇവിടെ അടഞ്ഞുകിടക്കുന്ന കടകൾക്ക് മുമ്പിൽ തമ്പടിക്കുന്നവരാണ് മദ്യപിച്ച ശേഷം നടുറോഡിൽ ഏറ്രുമുട്ടിയത്. ബിയർ കുപ്പി, സോഡാ കുപ്പികൾ റോഡിൽ വലിച്ചെറിഞ്ഞു പൊട്ടിച്ചതായും പരാതിയുണ്ട്. ഓട്ടോ ഡ്രൈവർമാരെ ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു.