കൊച്ചി: ഏഴ് മാസം വൈകി സത്താർ ഐലന്റ് മൂത്തകുന്നം കായലിൽ കായൽ മുരിങ്ങയുടെ വിളവെടുപ്പ് നടത്തി. തുടരെയുണ്ടായ പ്രളയത്താൽ മുരിങ്ങ മാംസം പാകമാകാത്തത് മൂലമാണ് വിളവെടുപ്പ് നീണ്ട് പോയത്. പ്രതീക്ഷിച്ചത്ര മാംസം ലഭിച്ചതുമില്ല. സി.എം.എഫ്.ആർ.ഐ മൊളസ്കൻ ഫിഷറീസ് ഡിവിഷന്റെ സാങ്കേതിക സഹായത്തോടെയാണ് കായൽ മുരിങ്ങ കൃഷിയിറക്കിയത്.
പ്രളയം ഇത്തവണ കായൽ മുരിങ്ങ കൃഷിയെ നന്നായി ബാധിച്ചു. 2019 നവംബറിൽ ഇറക്കിയ കൃഷിയാണ് ഇപ്പോൾ വിളവെടുപ്പ് പൂർത്തിയായത്. 2020 മേയിൽ വിളവെടുത്തപ്പോൾ തീരെ മാംസം ലഭിക്കാത്തത് മൂലം വിളവെടുപ്പ് നീണ്ട് പോകുകയായിരുന്നു.
കൃഷിയിറക്കുന്ന രീതി
കായലിലെ ഒഴുക്കുള്ള പ്രദേശത്ത് അഞ്ച് സ്ക്വയർ മീറ്ററിന്റെ മുളംക്കുറ്റികൾ ഉപയോഗിച്ച് തട്ടുകൾ നിർമിക്കും. മുരിങ്ങയുടെ ഷെല്ലുകൾ കോർത്തിണക്കിയ സ്ട്രിംഗുകൾ ഒരടിയകലത്തിൽ മുളം കമ്പുകളിൽ നിന്നും വെള്ളത്തിലേക്ക് കെട്ടിത്തൂക്കിയിടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള 12 എണ്ണമാണ് കൃഷിക്കായി കായലില്ലിറക്കിയത്. മൺസൂൺ കഴിഞ്ഞ് നവംബർ, ഡിസംബർ മാസങ്ങളിലാണ് കൃഷിയിറക്കുന്നത്. വിളവെടുപ്പിന്റെ കാലാവധി ഒരു വർഷമാണ്.
പോഷകങ്ങളാൽ സമ്പുഷ്ടം
ജീവനോടെയും കഴിക്കാവുന്ന കായൽ മുരിങ്ങ (ഓയിസ്റ്റർ) ഔഷധ ഗുണങ്ങൾക്ക് പേര് കേട്ട ഭക്ഷ്യ വിഭവമാണ്. അപൂർവ ധാതുലവണമായ സെലീനിയം കൊണ്ട് പോഷക സമ്പുഷ്ടമാണ്. ഒമേഗ ഫാറ്റി ആസിഡും സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയും കായൽ മുരിങ്ങയിലുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീൻമേശയിലെ പ്രിയങ്കരനാണ്. കൃഷിയിറക്കിയാൽ കായൽ മുരിങ്ങയ്ക്ക് പ്രത്യേക തീറ്റ കൊടുക്കേണ്ട ആവശ്യമില്ല. ചെറുസസ്യങ്ങളും ജൈവാവശിഷ്ടങ്ങളും കായൽ മുരിങ്ങയുടെ ഭക്ഷണങ്ങളാണ്.
അഞ്ച് പേരടങ്ങുന്ന നാല് സ്വയം സഹായ സംഘങ്ങളുടെ സംയുക്ത വേദിയായ സമുദ്രഔഷധിയാണ് കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തവണ ആകെ 40 കിലോ മാംസമാണ് ലഭിച്ചത്. കിലോയ്ക്ക് 800 രൂപ നിരക്കിൽ കായൽ മുരിങ്ങ സി.എം.എഫ്.ആർ.ഐയിൽ ലഭിക്കും. മൊളസ്കൻ ഫിഷറീസ് വിഭാഗം തലവനും പ്രിൻസിപ്പൽ സയിന്റിസ്റ്റുമായ ഡോ.പി.ലക്ഷ്മിലത, ഡോ.വിദ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മുത്തകുന്നത്തെ കായൽ മുരിങ്ങ വിളവെടുപ്പ്.