fact

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2020 -21 സാമ്പത്തിക വർഷത്തിൽ 352 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി. ഇത് ഫാക്ടിന്റെ സർവകാല റെക്കാഡാണ്. ഈ കാലയളവിൽ 3259 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇത് 2770 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തികവർഷവും കമ്പനിയുടെ ഉത്പാദനവും വിപണനവും ഇതേ രീതിയിൽ തുടരുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.എം.ഡി. കിഷോർ രുംഗ്ത പറഞ്ഞു. കാപ്രോ ലാക്ടം പ്ലാന്റ് ആഗസ്റ്റിൽ ഉത്പാദനം പുനഃരാരംഭിക്കുമെന്നും പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ,​ പുതിയതായി സ്ഥാപിച്ചിരിക്കുന്ന ഓൺലൈൻ മലിനീകരണ നിരീക്ഷണ സംവിധാനം, ട്രയൽ റൺ എന്നിവ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാപ്രോലാക്ടം ഉത്പാദനത്തോട് കൂടി കമ്പനി വിറ്റുവരവിൽ 500 കോടി രൂപയുടെ വർദ്ധനവും ലാഭവും ഈ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നതായും സി.എം.ഡി വ്യക്തമാക്കി.