free

ആലുവ: ഒമ്പതാം ക്ലാസുകാരൻ ഒന്നരമാസം ഓൺലൈൻ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്ന് പൊടിച്ചത് മൂന്നു ലക്ഷത്തോളം രൂപ !

പണം നഷ്ടമായെന്ന് അമ്മ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് അക്കൗണ്ട് കാലിയായ വഴി തെളിഞ്ഞത്. ആലുവ സ്വദേശിയായ ബാലൻ 'ഫ്രീ ഫയ‌ർ" എന്ന ഗെയിം കളിച്ചാണ് അമ്മയുടെ അക്കൗണ്ട് കവ‌‌ർന്നത്. ഗെയിമിനായി 40 രൂപ മുതൽ 4,000 രൂപ വരെ ഫോണിൽ ചാർജ് ചെയ്തായിരുന്നു കളി. ഒരു ദിവസം 10 തവണ വരെ ചാർജ് ചെയ്തിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിലായി 225 തവണയാണ് ചാർജ് ചെയ്തത്.

അമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പരാതി നൽകിയത്. സംഭവം മാതാപിതാക്കൾ അറിഞ്ഞപ്പോഴേക്കും വൻതുക നഷ്ടപ്പെട്ടിരുന്നു.

രക്ഷിതാക്കളിൽ നിന്ന് ഫോൺ വാങ്ങി ഓൺലൈൻ പർച്ചേസ് നടത്തുന്ന കുട്ടികളുമുണ്ട്. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെന്ന മെസേജ് മായ്ച്ച് തിരിച്ചു നൽകും. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായ മറ്റൊരു പരാതിയിലും മകനാണ് വില്ലനായത്.

 ബോധവത്കരണം നടത്തും

ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട്. ഇതെ പറ്റി ബോധവത്കരണ പരിപാടികൾ അടുത്ത ആഴ്ചയോടെ തുടങ്ങും

കെ. കാ‌ർത്തിക്, റൂറൽ എസ്.പി

ശ്രദ്ധവേണമെന്ന് പൊലീസ്

1. ഫോൺ ഇടയ്ക്കിടെ പരിശോധിക്കണം

2. മാതാപിതാക്കൾ യൂസർ ഐ.ഡിയും പാസ് വേഡും

ഫോൺലോക്കും ഉപയോഗിക്കണം

3. നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം

4. പേരന്റൽ കൺട്രോൾ ഇ-മെയിൽ ക്രിയേറ്റ് ചെയ്യണം

5. ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുള്ള ഫോൺ കൈമാറരുത്

6. ക്ളാസിൽ നിന്ന് പഠനത്തിന് കൈമാറുന്ന ലിങ്കുകൾ പങ്കുവയ്ക്കരുത്