1
സമൂഹ അടുക്കള രണ്ട് മാസം തികയുന്നതിൻ്റെ ഉദ്ഘാടനം സിനിമാതാരം സുധി കോപ്പ നിർവഹിക്കുന്നു

പള്ളുരുത്തി: കടേഭാഗത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ഒരു മാസം പിന്നിടുന്നു. കൊവിഡ് രോഗികൾക്കും വീട്ടിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമാണ് 3 നേരവും ഭക്ഷണം എത്തിക്കുന്നത്. ഡിവിഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.എ. ശ്രീജിത്താണ് നേതൃത്വം നൽകുന്നത്. കടേഭാഗം അർദ്ധനാരീശ്വര ഹാളിലാണ് അടുക്കള പ്രവർത്തിക്കുന്നത്. സഹായിയായ കുറെ ചെറുപ്പക്കാർ കൗൺസിലർക്കൊപ്പമുണ്ട്. ഇവരാണ് രോഗികളുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നത്.

അടുക്കള തുടങ്ങുന്നതിന് മുമ്പുതന്നെ ജനകീയ ഹോട്ടലിൽനിന്നും രോഗികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചിരുന്നു. കൂടാതെ രോഗികൾക്ക് ആശുപത്രിയിൽ പോകാനും വരാനും മരുന്നുകൾ വാങ്ങാനുമായി 5 വാഹനങ്ങളും ഡിവിഷനിൽ ഒരുക്കിയിട്ടുണ്ട്. ഓരോദിവസവും ഓരോ വ്യക്തികളാണ് അടുക്കളയിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. കൊച്ചുകുട്ടികൾ ബർത്ത് ഡേ ആഘോഷിക്കാനും മറ്റും കുടുക്കയിൽ കൂടിയിരുന്ന പണവും അടുക്കളയിലേക്കായി നൽകിയതും ശ്രദ്ധേയമായി. ഇതിന്റെ പ്രവർത്തനം രണ്ടുമാസം തികഞ്ഞതിന്റെ ഉദ്ഘാടനം സിനിമാതാരം സുധി കോപ്പ നിർവഹിച്ചു. വി.എ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.പി. റഷീദ്, കെ.എസ്. രമേശൻ, ഓമന ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.