ആലുവ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാനുള്ള ഇടത് സർക്കാരിനെതിരെ ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സത്യാഗ്രഹം സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.അടിയന്തരാവസ്ഥക്കാലത്തും ശബരിമല സമരത്തിനും ആയിരക്കണക്കിനു പ്രവർത്തകരേയും നേതാക്കളേയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിട്ടും തകരാത്ത പ്രസ്ഥാനമാണിതെന്ന് രേണു സുരേഷ് പറഞ്ഞു. ആരുടേയും ഔദാര്യത്തിലോ കരുണയിലോ അല്ല ബി.ജെ.പി ഇത്രയും കാലം കേരളത്തിൽ പ്രവർത്തിച്ചത്. അതിനാൽ അധികാരമുപയോഗിച്ച് തകർക്കാമെന്ന് സി.പി.എം കരുതണ്ടെന്നും അവർ പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ്, പി.എസ്. പ്രീത, ബേബി നമ്പേലി സതീഷ് കുമാർ, ശ്രീലത രാധാകൃഷ്ണൻ, സേതുരാജ് ദേശം എന്നിവർ സംസാരിച്ചു.