ചെറായി: സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങൾ ഇനിയും കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കർത്താവുമായ മഹാത്മ അയ്യൻകാളിയുടെ ചങ്കൂറ്റവും ആത്മാഭിമാനബോധവും സാംശീകരിച്ചുകൊണ്ടേ ഇത് സാദ്ധ്യമാക്കാനാകൂവെന്നും കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സഹകരണ സ്വകാര്യമേഖലകളിലും സംവരണം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കപ്പെടാതെ പോകുന്നതിൽ യോഗം പ്രതിഷേധിച്ചു.
മഹാത്മാ അയ്യൻകാളിയുടെ 80-ാമത് സമാധി ദിനത്തോടനുബന്ധിച്ച് അയ്യൻകാളി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം യൂണിയൻ പ്രസിഡന്റ് വി.കെ. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി. എബി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.ജി. രതീഷ്, ഖജാൻജി സി.എ. ശശി, എൻ.സി. ലാലൻ,കെ.കെ. രവീന്ദ്രൻ, മഹാത്മ ഗുരു അയ്യൻകാളി സ്മാരക ചാരിറ്റബിൾ പഠനകേന്ദ്രം ബോർഡ് അംഗം വി.കെ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.