പറവൂർ: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരെ അക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എം.എ ആഹ്വാനപ്രകാരം പറവൂർ, വൈപ്പിൻ പ്രദേശത്തുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർമാർ നിൽപ്പുസമരം നടത്തി. പറവൂരിൽ നടന്ന സമരം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, നഗരസഭ കൗൺസിലർമാർ, ഐ.എം.എ ഭാരവാഹികൾ, ആശുപത്രി മാനേജുമെന്റ് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രികളെ പ്രത്യേക സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക. പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുക. നിലവിലുള്ള സംരക്ഷണ നിയമങ്ങൾ ഫലവത്തായി നടപ്പിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളെന്ന് പറവൂർ ഐ.എം.എ പ്രസിഡന്റ് ഡോ. സുനീതി പറഞ്ഞു.