വൈപ്പിൻ: ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സാഹചര്യത്തിൽ ചെറായി ബീച്ചിലേക്ക് ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയത് പൊലീസിന് തലവേദനയായി മാറി. കണ്ടെയ്ൻമെന്റ്‌സോൺ പിൻവലിച്ചെങ്കിലും ബീച്ച് ടൂറിസ്റ്റ്‌കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ബീച്ചിലെത്തുന്നവർക്കെതിരെ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്നാണ് മുനമ്പം പൊലീസ് പറയുന്നത്. ഇതൊന്നുമറിയാതെ പെരുമ്പാവൂർ,കോതമംഗലം , ആലുവ, എറണാകുളം മേഖലയിൽ നിന്ന് വ്യാഴാഴ്ച നിരവധിപേർ ബീച്ചിലെത്തിയിരുന്നു. ഇവരെയെല്ലാം പൊലീസ് തത്കാലത്തേക്ക് മുന്നറിയിപ്പ് നൽകി പറഞ്ഞുവിട്ടു. സന്ദർശകർ എത്താതിരിക്കാൻ വരും ദിവസങ്ങളിൽ തദ്ദേശിയർക്ക് മാത്രം പ്രവേശനം അനുവദിച്ച് ബീച്ചിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടയാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.