പറവൂർ: പറവൂർ എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ തത്തപ്പിള്ളി അത്താണിയിലെ ആളൊഴിഞ്ഞ വീട്ടിൽ ചാരായം നിർമ്മിയ്ക്കുന്നതിന് പാകപ്പെടുത്തിയ 200 ലിറ്റർ കോട കണ്ടെത്തി. ചന്ദനത്തിരികൾ കത്തിച്ചിട്ടാണ് കോടയുടെ ഗന്ധം പുറത്തറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നത്. പ്രതികളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പറവൂർ പള്ളിത്താഴം സി.സി. ടവർ ബാറിന്റെ കിഴക്ക് വശം കനാൽ ബണ്ട് റോഡിൽ അരമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. കഴിഞ്ഞയാഴ്ച കരുമാല്ലൂരിലും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. രണ്ടു കേസുകളും പറവൂർ എക്സൈസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം. മഹേഷ്‌കുമാർ, അസിസന്റ് ഇൻസ്പെക്ടർ വി.എം. ഹാരിസ്, സി.ഇ.ഒ. ബിനു മാനുവൽ, സി.ജി. ഷാബു, ടി.ടി. ശ്രീകുമാർ, രാജി ജോസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.