കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ കം ട്രേഡ് സെന്ററും കൺവെൻഷൻ സെന്ററും കൊച്ചിയിൽ സ്ഥാപിക്കും. പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
15 ഏക്കറിൽ 30 കോടി മുതൽ മുടക്കിയുള്ള ഉടൻ നിർമാണമാരംഭിക്കുന്ന പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥിരമായി പ്രദർശന വിപണനമേളകൾ സാദ്ധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധനേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും.
ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണനകേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിൽ കേന്ദ്രം ഒരുക്കുക. സംസ്ഥാന വ്യാപാരമിഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്.
റീട്ടെയിൽ വ്യാപാരികളെയും പദ്ധതിയുടെ ഭാഗമാക്കുകയും കാർഷിക ഉത്പന്നങ്ങളുടെയും സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.